കേരളം

തീരുമാനിച്ചാൽ നടത്തും പിണറായി, കെ-റെയിൽ നടപ്പാക്കിയിരിക്കും;എം.വി. ഗോവിന്ദൻ

കളമശ്ശേരി : തീരുമാനിച്ച കാര്യം നടപ്പിൽ വരുത്തും എന്നതിന്റെ ഗാരന്റിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോകം ഏറ്റവും അവസാനമായി നേടിയ ശാസ്ത്രസാങ്കേതിക നേട്ടം വരെ എങ്ങനെ കേരളത്തിൽ നടപ്പാക്കാം എന്ന് ചിന്തിക്കുന്നയാളാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്ക് കളമശ്ശേരിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളെല്ലാം സർക്കാർ നടപ്പാക്കും. 62 ലക്ഷം ജനങ്ങൾക്ക് നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷനിൽ നിന്നോ വികസന പ്രവർത്തനങ്ങളിൽ നിന്നോ പിന്നോട്ടുപോകില്ല. സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന എല്ലാ വികസന പ്രവർത്തനങ്ങളെയും കോൺഗ്രസും ലീഗും ജമാഅത്തെ ഇസ്‌ലാമിയും ബി.ജെ.പി.യും എതിർക്കുന്നു. കേരളത്തിൽ വികസനം വരാൻ പാടില്ല എന്നാണ് ഇവരുടെ നിലപാട്. ആർ.എസ്.എസ്. ഹിന്ദു രാഷ്ട്രത്തിനായി സംസ്ഥാന സർക്കാരിനെ എതിർക്കുമ്പോൾ പ്രതിപക്ഷം കേരളത്തിലെ വികസനത്തെ എതിർക്കുകയാണ്. ഇതിനെയെല്ലാം പ്രതിരോധിക്കാനാണ് ജനകീയ പ്രതിരോധ ജാഥ. കേന്ദ്രം അദാനിയെയും അംബാനിയെയും ദത്തെടുക്കുമ്പോൾ കേരളം 64,000 അതിദരിദ്ര കുടുംബങ്ങളെയാണ് ദത്തെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഘാടക സമിതിയംഗം സി.കെ. പരീത് അധ്യക്ഷനായി. ജാഥാംഗങ്ങളായ കെ.ടി. ജലീൽ, ജെയ്ക് സി. തോമസ്, ജനറൽ കൺവീനർ കെ.ബി. വർഗീസ്, എ.ഡി. സുജിൽ എന്നിവർ സംസാരിച്ചു. ജാഥ അംഗങ്ങളായ പി.കെ. ബിജു, എം. സ്വരാജ്, മന്ത്രി പി. രാജീവ്, ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, എസ്. ശർമ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എം.പി. പത്രോസ്, ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.എം. ശശി, കെ.എൻ. ഗോപിനാഥ്, ഡി.വൈ.എഫ്. ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Leave A Comment