സുരേഷ് ഗോപിയെച്ചൊല്ലി ഗോവിന്ദൻ - സുരേന്ദ്രൻ വാക്പോര്
തിരുവനന്തപുരം: സുരേഷ് ഗോപിയെ ചൊല്ലി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിൽ വാക്പോര്. ഇന്നലെ തൃശൂരിൽ അമിത് ഷാ പങ്കെടുത്ത പരിപാടിയിലെ സുരേഷ് ഗോപിയുടെ പ്രസംഗം മുൻ നിർത്തിയാണ് വാക്പോര്. സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗുകൾ തട്ടി വിട്ടാൽ ഒന്നും ബി ജെ പി കേരളത്തിൽ ജയിക്കില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.സിനിമാ ഡയലോഗുകൾ അല്ല രാഷ്ട്രീയ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനത്തെയും വിമർശിച്ചു. എന്നാൽ സ്വന്തം അധ്വാനത്തിൽ നിന്നുള്ള പണം കൊണ്ടാണ് സുരേഷ് ഗോപി ചാരിറ്റി നടത്തുന്നതെന്നായിരുന്നു കെ സുരേന്ദ്രന്‍റെ മറുപടി. സ്വന്തം അധ്വാനത്തിൽ നിന്നുള്ള പണമെടുത്താണ് സുരേഷ് ഗോപി പാവങ്ങൾക്ക് കൊടുക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടികാട്ടി.
സുരേഷ് ഗോപിയുടെ ചാരിറ്റിക്കെതിരെ എം വി ഗോവിന്ദൻ അപവാദ പ്രചരണം നടത്തിയെന്നും ബി ജെ പി അധ്യക്ഷൻ ആരോപിച്ചു. അതിനുള്ള മറുപടിയാണ് സുരേഷ് ഗോപി ഇന്നലെ തൃശൂരിൽ നൽകിയതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പാവപ്പെട്ടവരുടെ വീട് വയ്ക്കാനുള്ള പണം കൊള്ളയടിക്കുന്ന നീച സംഘമാണ് ഗോവിന്ദന്‍റെ പാർട്ടിയെന്നും കൂട്ടിവച്ചതിൽ പത്തു പൈസ പാവങ്ങൾക്ക് കൊടുക്കാറുണ്ടോ എന്നും ബി ജെ പി അധ്യക്ഷൻ ചോദിച്ചു.
Leave A Comment