തദ്ദേശസ്ഥാപനങ്ങളുടെ ഷോപ്പിംഗ് കോംപ്ലക്സുകൾക്കു മുന്നില്‍ ധര്‍ണ പാടില്ല
കൊച്ചി: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സുകളുടെ മുന്നിലെ പാര്‍ക്കിംഗ് മേഖലയില്‍ അനുമതിയില്ലാതെ പൊതുയോഗങ്ങളും ധര്‍ണകളും നടത്തരുതെന്നും ഈ മേഖല അനധികൃത ഓട്ടോ സ്റ്റാന്‍ഡുകളാക്കി മാറ്റരുതെന്നും ഹൈക്കോടതി. പെരുമ്പാവൂര്‍ നഗരസഭയുടെ യാത്രി നിവാസ് ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികള്‍ വാടകയ്ക്കെടുത്തവര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എന്‍.നഗരേഷാണ് ഉത്തരവു നല്‍കിയത്.
തങ്ങളുടെ ഷോപ്പുകളുടെ പാര്‍ക്കിംഗ് ഏരിയയില്‍ രാഷ്ട്രീയപാര്‍ട്ടികളും മതസംഘടനകളും പൊതുയോഗങ്ങള്‍ നടത്തുന്നെന്നും ഈ സ്ഥലം പാര്‍ക്കിംഗിനായി വിട്ടുകിട്ടണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചു മുന്‍സിഫ് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയിരുന്നെങ്കിലും ഇതു നടപ്പാക്കുന്നില്ലെന്നു ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. പാര്‍ക്കിംഗ് ഏരിയയില്‍ അനുമതിയില്ലാതെയാണു പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് നഗരസഭയും വിശദീകരിച്ചു. ഷോപ്പിംഗ് കോംപ്ലക്സുകള്‍ക്ക് പാര്‍ക്കിംഗ് ഏരിയ വേണമെന്നു നിയമത്തില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.
ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിച്ചശേഷം പാര്‍ക്കിംഗ് ഏരിയ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല. പാര്‍ക്കിംഗ് മേഖല പൂര്‍ണമായും പൊതുസ്ഥലമായി വിലയിരുത്താന്‍ കഴിയില്ലെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞു. ഹര്‍ജിക്കാരുടെ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് മേഖലയില്‍ അനധികൃത പൊതുയോഗങ്ങള്‍ നടത്തുന്നില്ലെന്നും ഓട്ടോ സ്റ്റാന്‍ഡാക്കി ഇതു മാറ്റുന്നില്ലെന്നും പോലീസ് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Leave A Comment