വിനോദസഞ്ചാര മേഖലയിലെ ആദ്യ സോളാര്‍ ബോട്ട് കൊച്ചിയില്‍
കൊച്ചി: വിനോദ സഞ്ചാരമേഖലയിലെ സംസ്ഥാനത്തെ ആദ്യ സോളാര്‍ ബോട്ട് കൊച്ചിയില്‍ സര്‍വീസ് ആരംഭിച്ചു. കൊച്ചി കായലും ഉള്‍നാടന്‍ ജലപാതകളും ബന്ധിപ്പിച്ചുള്ള കായല്‍ ടൂറിസത്തിനാണ് ബോട്ട് ഉപയോഗിക്കുക. സൂര്യാംശു എന്ന് പേരിട്ടിരിക്കുന്ന ബോട്ടിന്റ ഫ്ലാഗ് ഓഫ് കെഎസ്ഐഎന്‍സി ചെയര്മാന് കെ.ജെ. ജോസ് നിര്‍വഹിച്ചു.
കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ (കെഎസ്ഐഎന്‍സി) ഉടമസ്ഥതയിലുള്ള ഇരുനില ബോട്ടിന്റെ സഞ്ചാരം പൂര്‍ണമായും സോളാര്‍ ഊര്‍ജം ഉപയോഗിച്ചാണ്. 27 കിലോവാട്ടിന്റെ സോളാര്‍ പാനലുകളാണ് റൂഫ് ടോപ്പില്‍ സ്ഥാപിച്ചിട്ടുള്ളത്. ഒന്നാം നിലയിലെ ബാക്വിറ്റ് ഹാളില്‍ എസി പ്രവര്‍ത്തിപ്പിക്കുന്നതിനും ലൈറ്റുകളുള്പ്പടെയുള്ള വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ജനറേറ്റര്‍ ഉപയോഗിക്കും.
ഒരേ സമയം 78 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുള്ളതാണ് പൂര്‍ണമായും എയര്‍ കണ്ടീഷൻ ചെയ്ത ബാക്വിറ്റ് ഹാള്‍. മിനി സ്റ്റേജും ഡിജെ സൗകര്യങ്ങളും ഹാളിലുണ്ട്. മുകൾ നിലയിലാണ് റസ്റ്ററന്റ്. കായല്‍ സൗന്ദര്യം നുകർന്നും കാറ്റേറ്റും ഇവിടിരുന്ന് ഭക്ഷണം കഴിക്കാം. ഒന്നാം നിലയിലേക്ക് എത്തുന്നതിനായി ഗോവണിക്ക് പുറമേ ലിഫ്റ്റ് സൗകര്യവുമുണ്ട്. സംസ്ഥാനത്ത് തന്നെ ലിഫ്റ്റ് സൗകര്യമുള്ള ഏക ബോട്ടും സൂര്യാംശുവാണ്.
കാറ്റമറൈന്‍ സാങ്കേതിക വിദ്യയില്‍ ശ്രീലങ്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൊളാസ് മറൈന്‍ എന്‍ജിനീയറിംഗ് സ്ഥാപനമാണ് ബോട്ടിന്റെ നിര്‍മാതാക്കള്‍. 3.6 കോടി രൂപയാണ് നിര്‍മാണ ചിലവ്. കെഎസ്ഐഎന്‍സിയുടെ തന്നെ ഉടമസ്ഥതയിലുള്ള ക്ലിയോപാട്ര ഒന്ന്, രണ്ട് ബോട്ടുകള്‍ക്കൊപ്പം ഉള്‍നാടന്‍ കായല്‍ ടൂറിസത്തിനാണ് സൂര്യാംശുവിനെയും ഉപയോഗപ്പെടുത്തുക.
മത്സ്യഫെഡിന്റെ ഉടമസ്ഥതയിലുള്ള ഞാറയ്ക്കല്‍ അക്വാ ടൂറിസം സെന്റര്‍ സന്ദര്‍ശിക്കാനുള്ള അവസരം സൂര്യാംശുവിലെ വിനോദ സഞ്ചാരികള്‍ക്ക് നല്‍കുന്നതിന് ആലോചിച്ചുവരികയാണെന്ന് കെഎസ്ഐഎന്‍സി ട്രാഫിക് മാനേജര്‍ സിറില്‍ ഏബ്രഹാം പറഞ്ഞു. കൊച്ചി കായലില്‍ ബോള്‍ഗാട്ടി, മുളവ്കാട്, താന്തോന്നിത്തുരുത്ത്, വൈപ്പിന്‍ കരകളുടെ സൗന്ദര്യ ആസ്വദിച്ച ശേഷം വല്ലാര്‍പാടം പനമ്പ്കാട് വഴി ഞാറയ്ക്കല്‍ എത്തുന്ന നിലയിലാണ് ഇപ്പോള്‍ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
അവിടുന്ന് അക്വാ ടൂറിസം സെന്ററിലേക്ക് റോഡ് മാര്‍ഗം സഞ്ചാരികളെ എത്തിക്കും. മൂന്ന് മണിക്കൂര്‍ ഇവിടുത്തെ സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്ക് ഉപയോഗപ്പെടുത്താം. ഉച്ചഭക്ഷണത്തിനുശേഷം മൂന്നിന് മ കടലും കണ്ട ശേഷം വൈകുന്നേരം അഞ്ചോടെ ബോട്ട് കരയ്ക്കടുക്കും. ദിവസേന ഒരു ട്രിപ്പ് മാത്രമായിരിക്കും ഉണ്ടാവുക. രാവിലെ 10 ന് ആരംഭിക്കുന്ന പാക്കേജിന് ഞാറയ്ക്കല്‍ സെന്ററിലെ പ്രവേശനം ഉള്‍പ്പെടെ 1000 രൂപയാണ് നിരക്ക്.
Leave A Comment