എഐ ക്യാമറ പദ്ധതിയില്‍ 100 കോടിയുടെ അഴിമതി, പ്രകാശ് ബാബുവിനും പങ്ക്; സതീശന്
തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയില്‍ കൂടുതല്‍ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പദ്ധതിയില്‍ 100 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് സതീശന് ആരോപിച്ചു.
കണ്ട്രോള് റൂമടക്കമുള്ള സംവിധാനമൊരുക്കാന്‍ 57 കോടിയുടെ പ്രപ്പോസലാണ് ട്രോയ്സ് കമ്പനി വച്ചത്. ഇതാണ് പിന്നീട് 151 കോടിയുടെ കരാറില്‍ എത്തിയത്. 45 കോടി രൂപ മാത്രം മുതല്‍മുടക്കുള്ള പദ്ധതിയില്‍ ബാക്കി തുക വീതം വയ്ക്കാനായിരുന്നു പദ്ധതിയെന്നും സതീശന് ആരോപിച്ചു.
ഏറ്റവും പുതിയ സാങ്കേതിക സംവിധാനമുള്ള കാമറകള്‍ പോലും ഇതിനേക്കാള്‍ വിലക്കുറവില്‍ ലഭിക്കുമെന്ന കാര്യം വ്യവസായ വകുപ്പിന് അറിയാമായിരുന്നു. ഉപകരണങ്ങളുടെ വില സംബന്ധിച്ച കാര്യങ്ങള്‍ സുതാര്യമല്ലെന്ന് കരാറില്‍നിന്ന് പിന്മാറിയ അല്‍ഹിന്ദ് കമ്പനി അറിയിച്ചതാണ്. എന്നിട്ടും വ്യവസായ വകുപ്പ് ഇത് മറച്ചുവച്ചെന്നും സതീശന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ബന്ധുവായ പ്രകാശ് ബാബു എസ്ആര്‍ഐടിയും അല്‍ഹിന്ദും പ്രസാഡിയോയും തമ്മിലുള്ള ആദ്യ കണ്‍സോര്‍ഷ്യം യോഗത്തില്‍ പങ്കെടുത്തെന്ന് സതീശന് പറഞ്ഞു. ഇക്കാര്യം പ്രസാഡിയോയുടെ ഉടമ സുരേന്ദ്രകുമാര്‍ നിഷേധിച്ചിട്ടില്ല.
യോഗത്തിന്റെ ഭൂരിഭാഗം സമയവും അദ്ദേഹമാണ് സംസാരിച്ചത്. സ്വപ്ന പദ്ധതിയെന്ന് പ്രകാശ് ബാബു യോഗത്തില്‍ വിശദീകരിച്ചെന്നും സതീശന് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചാൽ ഇതിന് തെളിവ് നൽകാൻ തയാറാണെന്നും സതീശൻ പറഞ്ഞു.
കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നത്. കറക്കുകമ്പനികള്‍ മതിയെന്ന് സര്‍ക്കാര്‍ തന്നെ തീരുമാനിക്കുകയാണെന്നും സതീശന് ആരോപിച്ചു.
Leave A Comment