കേരളം

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പിലേയ്ക്ക് തിരിച്ചെത്തും

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തും. നിലവില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഹനീഷിന് വ്യവസായ വകുപ്പിന്‍റെ അധിക ചുമതല കൂടി നല്‍കി.

നേരത്തെ വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന ഹനീഷിനെ ആദ്യം റവന്യൂ വകുപ്പിലേയ്ക്കും പിന്നെ ആരോഗ്യവകുപ്പിലേയ്ക്കും മാറ്റിയിരുന്നു. ഐഎ കാമറാ ഇടപാടില്‍ കെല്‍ട്രോണിനെ വെള്ളപൂശിയുള്ള റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഹനീഫിന് വീണ്ടും വ്യവസായ വകുപ്പിന്റെ ചുമതല നല്‍കിയത്.

എം.ജി.രാജമാണിക്യത്തിന് തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സ്ഥാനത്തോടൊപ്പം നഗരവികസന വകുപ്പിന്‍റെ അധിക ചുമതല കൂടി നല്‍കി. കോട്ടയം കളക്ടറായി വി. വിഗ്‌നേശ്വരിയെ നിയോഗിച്ചു. സ്‌നേഹില്‍ കുമാറിന് കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയും ശിഖ സുരേന്ദ്രന് കെറ്റിഡിസി മാനേജിംഗ് ഡയറക്ടറുടെ ചുമതലയും നല്‍കി.

Leave A Comment