ഗതാഗത നിയമലംഘനം: എ ഐ ക്യാമറ പണി തുടങ്ങി, പിഴ ഇന്നുമുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ ഇന്നു മുതൽ ഗതാഗത നിയമലംഘനങ്ങൾക്കു പിഴ ചുമത്തും. ഇന്നു രാവിലെ എട്ടിനാണ് കാമറയുടെ പ്രവർത്തനം ആരംഭിക്കും. എട്ടിനു തന്നെ നിയമലംഘകർക്ക് ചെലാൻ അയയ്ക്കൽ ആരംഭിക്കും.
726 എഐ കാമറകളാണ് സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 692 റോഡ് കാമറകളാണ് ഇന്നു പ്രവർത്തനമാരംഭിക്കുക. ദിവസവും 25,000 നോട്ടീസ് വീതം അയയ്ക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇത് പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്കരിക്കാനാണു തീരുമാനം. തപാൽ വഴിയാകും നിയമലംഘനം വാഹന ഉടമകളെ അറിയിക്കുക. എസ്എംഎസ് ആയുള്ള അറിയിപ്പ് തത്്കാലം ലഭിക്കില്ല. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളിൽ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ ഉടമകൾ തങ്ങളുടെ മൊബൈൽ നന്പർ, ഇ -മെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ നൽകിയിട്ടില്ല. ഇതിനാലാണ് തപാൽ മുഖേന നോട്ടീസ് അയയ്ക്കുന്നത്.
റോഡ് കാമറയുടെ പിഴയീടാക്കൽ ഓഡിറ്റിംഗിനു വിധേയമാണെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. പിഴയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമർജൻസി സർവീസുകൾക്കു മാത്രമാണ് ഇളവ്. വിഐപികളും സാധാരണക്കാരും ഒരേപോലെയാണ്. പദ്ധതിയെ എതിർക്കുന്നവർക്ക് രാഷ്ട്രീയലക്ഷ്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
വാഹന ഉടമകൾക്കു പരാതിയുണ്ടെങ്കിൽ പിഴയ്ക്കെതിരേ ജില്ലാ എൻഫോഴ്സ്മെന്റ് ഓഫീസർക്ക് അപ്പീൽ നൽകാം. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം അപ്പീൽ നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കാണ് അപ്പീൽ നൽകേണ്ടത്. രണ്ടുമാസത്തിനുള്ളിൽ അപ്പീൽ നൽകുന്നതിന് ഓണ്ലൈൻ സംവിധാനമൊരുങ്ങും.
Leave A Comment