വിവാഹ വീട് കണ്ണീർ കടലായി; പ്രതികൾ സ്ഥിരം പ്രശ്നക്കാരെന്ന് സൂചന
തിരുവനന്തപുരം: വര്‍ക്കല വടശേരിക്കോണത്ത് മകളുടെ വിവാഹദിനത്തില്‍ പിതാവിനെ കൊലപ്പെടുത്തിയ അക്രമികള്‍ സ്ഥിരം പ്രശ്നക്കാരെന്ന് സൂചന. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സ്ഥിരമാക്കിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട രാജുവിന്റെ ബന്ധു പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് രാജുവിനെ അക്രമി സംഘം കൊലപ്പെടുത്തിയത്.
ഗള്‍ഫില്‍ നിന്നും മടങ്ങി വന്ന രാജു നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തില്‍ വടശേരിക്കോണം സ്വദേശികളായ ജിഷ്ണു, ജിജിന്, ശ്യാം, മനു എന്നിവരുള്‍പ്പെട്ട നാലാംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്.
വിവാഹാഘോഷ പാര്‍ട്ടി കഴിഞ്ഞതിന് പിന്നാലെയാണ് അക്രമിസംഘം വീടിനു മുന്നിലെത്തിയത്. തുടര്‍ന്ന് കാറില്‍ ഉച്ചത്തില്‍ പാട്ട് വച്ച് ബഹളമുണ്ടാക്കി. ഇതിനുപിന്നാലെ വീട്ടിലെത്തി ശ്രീലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു.
മകളെ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് രാജുവിനെ പ്രതികള്‍ ആക്രമിച്ചത്.ഗുരുതര പരിക്കേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയായ ജിഷ്ണുവിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായി ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിനോട് യോജിച്ചില്ല. ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാലാണ് ആലോചന വേണ്ടെന്ന് വച്ചത്. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആലോചന നിരസിച്ചപ്പോള്‍ തന്നെ ഇവര്‍ ഭീഷണിമുഴക്കിയിരുന്നു. ശ്രീലക്ഷ്മിയെ അപായപ്പെടുത്തുമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. അതിനിടെയാണ് മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചത്.
ഇതിനു പിന്നാലെയാണ് സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ രാജുവിനെ നാട്ടുകാരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അക്രമികൾ ആശുപത്രി വരെ ഇവരെ പിന്തുടർന്നു. രാജു മരിച്ചുവെന്ന് അറിഞ്ഞതിന് പിന്നാലെ സംഘം രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഇവരെ പിടികൂടുകയായിരുന്നു.
രാജുവിനെ ആക്രമിക്കുന്ന സമയത്ത് മകന് കാറ്ററിംഗ് ജീവനക്കാരെ കൊണ്ടുവിടാന്‍ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോയ സമയമായിരുന്നു. ഈ തക്കം നോക്കിയാണ് നാലംഗ സംഘം വീട്ടില്‍ വന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
Leave A Comment