കേരളം

യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ കീഴടങ്ങി

കൊച്ചി: വീഡിയോ വഴി യുവതിയെ അപമാനിച്ച കേസില്‍ മുന്‍കൂര്‍ജാമ്യം തള്ളിയതിന് പിന്നാലെ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ കീഴടങ്ങി.രാവിലെ ഒൻപത് മണിയോടെ എറണാകുളം സൗത്ത് സ്‌റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കേസില്‍ സൂരജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. അറസ്റ്റ് രേഖപ്പെടുത്തി സൂരജ് പാലാക്കാരനെ കോടതിയില്‍ ഹാജരാക്കും.

സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച്‌ ദളിത് പെണ്‍കുട്ടി നല്‍കിയ പരാതിയിലായിരുന്നു സൂരജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നേരത്തെ കേസെടുത്തത്. ഇതിന് പിന്നാലെ സൂരജ് ഒളിവില്‍ പോകുകയായിരുന്നു. ക്രൈം ഓണ്‍ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ടി പി നന്ദകുമാറിനെതിരെ പരാതി നല്‍കിയ അടിമാലി സ്വദേശിനി തന്നെയായിരുന്നു സൂരജിനെതിരേയും കേസ് കൊടുത്തത്. 

ടി പി നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിക്കുറിച്ച്‌ സൂരജ് മോശമായ രീതിയില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എസി പി പി രാജ്കുമാര്‍ വ്യക്തമാക്കി

Leave A Comment