കേരളം

നിയമലംഘനം നടത്തുന്ന ബസുകളെ പിടികൂടും, സംസ്ഥാനത്ത് ഓപ്പറേഷന്‍ ഫോക്കസ് ത്രീ, സ്പെഷ്യൽ ഡ്രൈവ് 16വരെ

തിരുവനന്തപുരം:വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയമലംഘനം നടത്തുന്ന ബസുകളെ പിടികൂടുന്നതിന് സംസ്ഥാനത്ത് ഓപ്പറേഷന്‍ ഫോക്കസ് ത്രീ നടത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് അറിയിച്ചു.കോണ്‍ട്രാക്‌ട് കാര്യേജുകളില്‍ അനധികൃത രൂപമാറ്റം, അമിത വേഗത, സ്പീഡ് ഗവര്‍ണറുകളില്‍ കൃത്രിമം, ലൈറ്റുകള്‍, ഡാന്‍സ് ഫ്‌ലോര്‍, അമിതശബ്ദ സംവിധാനം മുതലായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുന്നതിന് ഏഴ് മുതല്‍ 16വരെയാണ് ഓപ്പറേഷന്‍ ഫോക്കസ് ത്രീ എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്.

അതിനിടെ, നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ വിവിധ ജില്ലകളില്‍ നടപടി ആരംഭിച്ചു. എറണാകുളം കാക്കനാട് 20 ടൂറിസ്റ്റ് ബസുകള്‍ക്ക് പിഴയിട്ടു. ആലപ്പുഴയില്‍ 36 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. കണ്ണൂരിലും പരിശോധന ശക്തമാക്കി. ഇടുക്കി വണ്ടിപ്പെരിയാറില്‍ 13 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും കാതടിപ്പിക്കുന്ന എയര്‍ഹോണുകളും നമ്പർ പ്ലേറ്റുകള്‍ മറച്ച നിലയിലുമാണ് കണ്ടെത്തിയത്.

നികുതിയടക്കാതെയും ബസുകള്‍ യാത്ര ചെയ്യുന്നുണ്ട്. കാക്കനാട് എത്തിയ നാല് ബസുകളില്‍ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലാണ്. ബസുകളില്‍ ലേസര്‍ ലൈറ്റുകളും ഭീമന്‍ സബ് വൂഫറുകളും സ്‌മോക് മെഷീനുകളും ഘടിപ്പിച്ചിട്ടുണ്ട്. ബസുകളുടെ യാത്ര കഴിഞ്ഞാല്‍ ഇവ പൂര്‍ണമായി നീക്കംചെയ്യാന്‍ നിര്‍ദേശമുണ്ട്. കുറ്റം ആവര്‍ത്തിച്ചാല്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കും

Leave A Comment