കേരളം

എൽദോസ് കുന്നപ്പിള്ളിയെ കൈയൊഴിഞ്ഞ് നേതാക്കൾ; പാർട്ടിനടപടിക്ക് സാധ്യതയേറി

കൊച്ചി: പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസന്വേഷണം ശക്തമായതോടെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യെ കോൺഗ്രസ് നേതാക്കൾ കൈവിട്ടു. ചില മുതിർന്നനേതാക്കളെ കാണാൻ അദ്ദേഹം ശ്രമിച്ചെങ്കിലും നടന്നില്ല. പരാതിയിൽ കഴമ്പുണ്ടെങ്കിൽ ശക്തമായ നടപടിവേണമെന്ന അഭിപ്രായമാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും. പോലീസ് അന്വേഷണം നടക്കുന്നതിനാൽ സമാന്തരമായ പാർട്ടി അന്വേഷണമുണ്ടാവില്ലെന്ന് സതീശൻ പറയുന്നു.

പാർട്ടിയിൽനിന്ന് പുറത്താക്കിയാൽ കുന്നപ്പിള്ളിക്ക് എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടിവരും. ഉപതിരഞ്ഞെടുപ്പിലേക്ക് പോയാൽ വീണ്ടും ജയിക്കാനുള്ള വലിയ ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കേണ്ടിവരും. വേഗം നടപടിയെടുത്താൽ പൊതുസമൂഹത്തിൽ പാർട്ടിയുടെ മുഖംരക്ഷിക്കാൻ സാധിക്കും.

ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തലയുയർത്തി രംഗത്തിറങ്ങാൻ സാധിക്കണമെങ്കിൽ വേഗത്തിൽ നടപടിവേണമെന്ന അഭിപ്രായം ചില കെ.പി.സി.സി. ഭാരവാഹികൾതന്നെ മുതിർന്നനേതാക്കളുമായി പങ്കുവെച്ചു. കുന്നപ്പിള്ളിക്കെതിരേയുള്ള വികാരം സ്വന്തം ഗ്രൂപ്പിനുള്ളിൽത്തന്നെയാണ് ശക്തമായിരിക്കുന്നത്. പെരുമ്പാവൂർ സീറ്റ് കുന്നപ്പിള്ളിക്ക് നൽകിയകാലംമുതൽ ഗ്രൂപ്പിനുള്ളിൽ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. സീനിയറായ പലരെയും തഴഞ്ഞാണ് കുന്നപ്പിള്ളിയെ ചിലരുടെ താത്പര്യപ്രകാരം പരിഗണിച്ചതെന്നായിരുന്നു ആക്ഷേപം. അവസരം കിട്ടിയപ്പോൾ അവരും രംഗത്തുവന്നിട്ടുണ്ട്.

Leave A Comment