കേരളം

വിവാദ ആയുർവേദ റിസോർട്ടുമായി ബന്ധമില്ലെന്ന് ഇ.പി. ജയരാജൻ

കണ്ണൂർ: മൊറാഴയിലെ വിവാദമായ ആയുർവേദ റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തലശേരിയിലുള്ള കെ.പി. രമേഷ് കുമാർ എന്നയാളുടെയാണ് റിസോർട്ടെന്നുമാണ് ഇ.പി. പാർട്ടിക്ക് നൽകിയ വിശദീകരണം.

അതേസമയം, വിവാദത്തിൽ കൂടുതൽ വിശദീകരണത്തിന് ഇ.പി. തയാറായിട്ടില്ല. നേരത്തേ, സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഇ.പിക്കെതിരേ സാമ്പത്തിക ആരോപണവുമായി മുതിർന്ന സിപിഎം നേതാവ് പി. ജയരാജനാണ് രംഗത്തുവന്നത്.

ആരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു. ആരോപണം രേഖാമൂലം എഴുതി നൽകാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കുമെന്നും ഗോവിന്ദൻ അറിയിച്ചു.

ഇ.പി. ജയരാജന്‍റെ ഭാര്യയും മകനും റിസോർട്ടിന്‍റെ ഡയറക്ടർ ബോർഡിൽ അംഗമാണെന്ന് പി. ജയരാജൻ ആരോപിച്ചു. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണ്. റിസോർട്ട് നിർമാണ സമയത്ത് തന്നെ ആരോപണം ഉയർന്നിരുന്നതായി ജയരാജൻ ചൂണ്ടിക്കാട്ടി.

Leave A Comment