മൂന്നുവട്ടം പിഴ ഈടാക്കിയ ഹോട്ടലുകൾക്ക് ലൈസൻസ് നഷ്ടപ്പെടാൻ സാധ്യത
ആലുവ: തുടർച്ചയായി മൂന്നാം തവണയും പഴകിയ ഭക്ഷണം പിടികൂടിയ ആലുവയിലെ ഹോട്ടലുകൾക്ക് ലൈസൻസ് നഷ്ടപ്പെടാൻ സാധ്യത. രണ്ട് ദിവസമായി ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ ഈ ഹോട്ടലുകൾ മൂന്നാമതും ഉൾപ്പെട്ടതോടെയാണ് ഇവയ്ക്ക് ലൈസൻസ് അനുവദിക്കണമോയെന്ന് ആലുവ നഗരസഭ പരിശോധിക്കുന്നത്.
2,000 രൂപ പിഴയും 3,000 സംസ്കരണ ചെലവുമായി 5,000 രൂപ വീതമാണ് തുക ഈടാക്കിയത്. ഭൂരിഭാഗം ഹോട്ടലുകളും നഗരസഭ റെയ്ഡ് നടത്തുന്പോഴെല്ലാം തന്നെ കുടുങ്ങുന്ന സ്ഥാപനങ്ങളാണ്. കോടതിയുടെ അനുവാദം ലഭിച്ചാൽ സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി ഇല്ലാതാക്കാൻ നടപടിയുണ്ടാകുമെന്നാണ് വിവരം.
രണ്ട് ദിവസമായി നടത്തിയ റെയ്ഡിൽ ആലുവ ജില്ലാ ആശുപത്രി കാന്റീൻ അടക്കം 20 ഓളം ഹോട്ടലുകളിൽനിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. തലേന്ന് തയാറാക്കി വച്ച പൊറോട്ട, വീണ്ടും ഉപയോഗിച്ച് കരിഞ്ഞ എണ്ണ, പഴക്കമുള്ള ബീഫ്, ചിക്കൻ കറികൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
പഴകിയ കഞ്ഞിയും ചപ്പാത്തിയുമാണ് ജില്ലാ ആശുപത്രി കാന്റീനിൽനിന്ന് പിടികൂടിയത്. തലേന്ന് ബാക്കിവന്ന ഭക്ഷണവും മറ്റും വീണ്ടും ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടുപിടിക്കാനാണ് പുലർച്ചെ അഞ്ചരയ്ക്ക് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Leave A Comment