നായരമ്പലത്തും എടവനക്കാടും കടൽക്ഷോഭം
വൈപ്പിൻ: മഴ കനത്തതോടെ നായരമ്പത്തും എടവനക്കാട് കടപ്പുറത്തും കടൽക്ഷേഭം രൂക്ഷമായി. നായരമ്പലം പുത്തൻ കടപ്പുറത്ത് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം താത്കാലികമായി നിർമിച്ച മണൽ ബണ്ട് ശക്തമായ കടൽ ക്ഷോഭത്തിൽ തകർന്നതോടെ തീരദേശ റോഡും കടന്ന് കടൽ വെള്ളം ജനവാസമേഖലയിലേക്ക് ഇരച്ചുകയറി.നിരവധി വീടുകളിൽ വെള്ളം കയറി. എടവനക്കാട് പഴങ്ങാട് കടപ്പുറത്ത് തകർന്ന കടൽ ഭിത്തിക്കു മുകളിലൂടെ വെള്ളം അടിച്ചു കയറി കരയിലേക്ക് ഒഴുകുകയാണ്. നായരമ്പലത്ത് പള്ളിക്ക് സമീപം നിർമിച്ച താത്കാലിക മണൽ ബണ്ട് കാലവർഷം ആരംഭിച്ചതിനു ശേഷം ഇതു രണ്ടാംതവണയാണ് തകരുന്നതെന്ന് തീരദേശ പഞ്ചായത്തംഗമായ സി.സി. സിജി പറയുന്നു.
ഓഖിയും ടൗട്ടേയും തകർത്ത നായരമ്പലത്തെ തീരത്ത് രണ്ടു കിലോമീറ്ററോളം നീളത്തിൽ കടൽ ഭിത്തി തകർന്നു കിടക്കുകയാണ്. ഇവിടെ കാലവർഷത്തിൽ കടൽ ക്ഷോഭം തടുക്കാൻ വെറും മുട്ടുശാന്തി എന്നോണം മണൽബണ്ടും ജിയോ ബാഗുനിരത്തലുമാണ് ഇതു വരെ ചെയ്തു വരുന്ന പരിഹാരക്രിയ. ചെല്ലാനം മോഡൽ ടെ ഡ്രാ പോഡുകൾ ഉപയോഗിച്ചുള്ള കടൽ ഭിത്തിയാണ് ഇവിടെ വേണ്ടതെന്നും ഇതാണ് ജനങ്ങളുടെ ആവശ്യമെന്നും പഞ്ചായത്തംഗം പറഞ്ഞു.
Leave A Comment