പൈപ്പ് ലൈനില്‍ ചോര്‍ച്ച; കുടിവെള്ളം മുട്ടി കൊച്ചി
കൊച്ചി: നഗരത്തിലടക്കം കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിലെ ചോര്‍ച്ച മൂലം കൊച്ചി കോര്‍പറേഷനിലെ 15 ഡിവിഷനുകളിലും ചേരാനെല്ലൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലും മുടങ്ങിയ കുടിവെള്ള വിതരണം ഇന്നലെയും പുനഃസ്ഥാപിക്കാനായില്ല.പ്രശ്നം പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ തുടരുന്നു. പാലാരിവട്ടം സെന്റ് മാര്ട്ടിന് പള്ളിക്കുമുന്നില്‍ 537–ാംനമ്പര്‍ മെട്രോ തൂണിനുസമീപമാണ് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ്ലൈനില്‍ ചോര്‍ച്ച കണ്ടെത്തിയത്. എറണാകുളം ഭാഗത്തേക്കുള്ള പൈപ്പ് ലൈനിലെ പണികള്‍ പൂര്‍ത്തായാക്കി ഇന്നലെ രാത്രിയോടെ ആലുവ ഭാഗത്തേക്കുള്ള പൈപ്പുകളിലെ അറ്റകുറ്റപ്പണികള്‍ ജല അഥോറിറ്റി ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്തെ പൈപ്പ്ലൈനുകളുടെ അലൈന്മെന്റില് വന്നിട്ടുള്ള വ്യത്യാസം മൂലം പണി പൂര്‍ത്തിയാകാന്‍ വൈകും. ഇന്നുച്ചയോടെ പണി പൂര്‍ത്തിയായാല്‍ രാത്രിയോടെ കുടിവെള്ള വിതരണം പൂര്‍വ സ്ഥിതിയിലാകും. അല്ലെങ്കിൽ നാളെ രാവിലെ മുതലാകും കുടിവെള്ള വിതരണം ആരംഭിക്കുകയെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നീതു മോഹന്‍ പറഞ്ഞു. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വാഹനയാത്രികര്‍ ബദല്‍മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജല അഥോറിറ്റി മുന്നറിയിപ്പ് നല്കി.
ചോര്‍ച്ചയുള്ള പൈപ്പ് നീക്കി 300 എം.എം വ്യാസമുള്ള ഇരുമ്പുപൈപ്പാണ് പകരം സ്ഥാപിക്കുന്നത്. ഇത് റോഡ് നിരപ്പില്‍നിന്നും രണ്ടു മീറ്ററോളം ആഴത്തില്‍ കുഴിച്ചാണ് സ്ഥാപിക്കുന്നത്. രാത്രിയും പകലുമായാണ് അറ്റകുറ്റപ്പണി. ചോര്‍ച്ചയെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുമുമ്പ് റോഡ് ഇടിഞ്ഞുതാണിരുന്നു.
Leave A Comment