കൊടുങ്ങല്ലൂരിൽ നിന്ന് മോഷണം പോയ കാര്‍ റോഡരികിൽ ഉപേക്ഷിച്ച നിലയില്‍
കൊച്ചി: കൊടുങ്ങല്ലൂരില്‍ നിന്നും മോഷണം പോയ കാര്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വ്യാജ നമ്പറോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍. വാഹനം അപകടകരമായ വിധത്തില്‍ റോഡിലേക്ക് കയറി പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് എറണാകുളം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റേത് വ്യാജ നമ്പറാണെന്നും ഇതു മോഷണം പോയതാണെന്നും തെളിഞ്ഞത്.
ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. റോഡില്‍ അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലാണ് മാരുതി സിയാസ് കാര്‍ നിര്ത്തിയിട്ടിരുത്. വാഹനം ലോക്ക് ചെയ്ത നിലയിലായിരുന്നു. വാഹനത്തിന് ചുറ്റും ആളുകളെ കാണാതായതോടെ വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് ഉടമയുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി ബന്ധപ്പെട്ടു. അപ്പോഴാണ് വാഹനത്തിന്റേത് വ്യാജ നമ്പറാണെന്ന് മനസിലായത്. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സെബിന് എന്ന വ്യക്തിയുടെ ഇതേ മോഡലിലുള്ള കാറിന്റെ നമ്പറാണ് വ്യാജമായി വാഹനത്തില്‍ പതിപ്പിച്ചിരുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജനമ്പര്‍ പതിപ്പിച്ച കാറിന്റെ ഉടമ കൊടുങ്ങല്ലൂര്‍ സ്വദേശി ഹാഷിമിനെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇയാള്‍ നിലവില്‍ മസ്കറ്റിലാണ്. മാസങ്ങള്‍ക്കു മുമ്പ് താന്‍ തന്റെ ബന്ധുവിനെ വാഹനം ഏല്പിച്ചാണ് പോയതെന്നും ഇതിനിടെ ബന്ധുവിന്റെ കൈയില്‍ നിന്ന് വാഹനം മോഷണം പോയതായും സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയിട്ടുള്ളതായും ഹാഷിം ഉദ്യോഗസ്ഥരെ അറിയിച്ചു. പിടിച്ചെടുത്ത വാഹനം കളമശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അടുത്ത ദിവസം കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലേക്കു കൊണ്ടുപോകും.
Leave A Comment