ഗർഭാശയ ചികിത്സയ്ക്കിടെ എരവത്തൂർ സ്വദേശിനിയായ യുവതി മരിച്ചു
ആലങ്ങാട്: ഗർഭാശയ ചികിത്സയ്ക്കിടെ ഹൃദയസ്തംഭനത്തെ തുടർന്ന് യുവതി മരിച്ചു. കരിങ്ങാംതുരുത്ത് പേനംപറമ്പിൽ വിഷ്ണുവിന്റെ ഭാര്യ ശ്വേത (22) ആണ് ആലുവ ദേശത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അനസ്തേഷ്യ കൊടുത്തപ്പോൾ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അവരുടെ പരാതിയിൽ നെടുമ്പാശേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഓവറിയിൽ ചില കുഴപ്പങ്ങൾ കണ്ടതിനെ തുടർന്ന് 16നാണ് ശ്വേതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താക്കോൽദ്വാര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചു. ഇതിനായി 17ന് രാവിലെ 9.15ന് അനസ്തേഷ്യ നൽകി. 9.45 ന് ഇവർക്ക് ഹൃദയസ്തംഭനം ഉണ്ടായി. കൃത്രിമ ശ്വാസം നൽകാൻ സമയമെടുത്തതായി ബന്ധുക്കൾ പറഞ്ഞു. തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം കുറഞ്ഞെങ്കിലും ഓക്സിജൻ കൊടുക്കാനുള്ള സജ്ജീകരണങ്ങൾ ആശുപതിയിൽ ഉണ്ടായിരുന്നില്ല. ആവശ്യമായ ക്രമീകരണങ്ങൾ പുറമേ നിന്ന് വരുത്തിയപ്പോഴേക്കും ശ്വേതയുടെ ആരോഗ്യനില വഷളായതായി ബന്ധുക്കൾ ആരോപിക്കുന്നു.
ഇതിനിടെ മസ്തിഷ്ക മരണം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. ചേരാനല്ലൂരിലെ ആസ്റ്റർ മെഡ്സിറ്റിയിൽ നിന്നും വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് എത്തിച്ച ശേഷം അങ്ങോട്ട് മാറ്റിയെങ്കിലും ഗുരുതര നില തുടരുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 3.15നാണ് മരണം സംഭവിച്ചത്.
ഫാക്ടിലെ താത്കാലിക ചുമട്ടുതൊഴിലാളിയായ വിഷ്ണു ഒന്നര വർഷം മുന്പാണ് ശ്വേതയെ വിവാഹം കഴിച്ചത്. മാള എരവത്തൂർ പിച്ചച്ചേരിൽ പറമ്പിൽ ബാബു - ബിന്ദു ദമ്പതികളുടെ മകളാണ്. സഹോദരി ശ്രേയ. കളമശേരി മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം സംസ്കരിക്കും.
Leave A Comment