കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് ഗുരുതര പരിക്ക്
വരാപ്പുഴ: നിയന്ത്രണംവിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് ഗുരുതര പരിക്ക്. ദേശീയപാത-66ൽ കൂനമ്മാവ് അടിക്കുളം മാർക്കറ്റിലെ കപ്പേളപ്പടിയിലുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ വയലിപ്പറമ്പിൽ യൂസഫിന്റെ കടയിലേക്കാണ് കാർ ഇടിച്ചു കയറിയത്.
കൂനമ്മാവ് ചെമ്മായം സ്വദേശികളായ ഷൺമുഖൻ (62), ജോർജ് ഷാജൻ (55) എന്നിവർക്കാണു അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവർ അവിടെ ചായ കുടിച്ചിരിക്കുകയായിരുന്നു. ഇരുവരുടെയും കാലുകൾക്കാണു ഗുരുതര പരിക്കേറ്റത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ പേർ കടയിൽ ഉണ്ടായിരുന്നെങ്കിലും കാർ വരുന്നത് കണ്ടയുടനെ ഒഴിഞ്ഞുമാറിയതിനാൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30ഓടെയാണ് അപകടം. കൊടുങ്ങല്ലൂർ ഭാഗത്തുനിന്നു വന്ന കാറാണ് അപകടമുണ്ടാക്കിയത്. കാർ ഉടമ വെള്ളാംങ്കല്ലൂർ സ്വദേശി അബ്ദുൾ സലാമാണ് കാർ ഓടിച്ചിരുന്നത്.
ഇയാളുടെ മകനും കാറിൽ കൂടെയുണ്ടായിരുന്നു. അപകടത്തിൽ മകന്റെ കൈക്കും ചെറിയ പരിക്കേറ്റു. ബിസിനസ് ആവശ്യത്തിനായി വൈറ്റിലയ്ക്ക് പോകുകയായിരുന്നു ഇരുവരും. കാർ ഓടിക്കുന്നതിനിടയിൽ മയക്കം വന്നതോടെ നിയന്ത്രണംവിട്ടതാണ് അപകട കാരണമെന്നു പോലീസ് പറഞ്ഞു. വരാപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Leave A Comment