മിനി ലോറി മറിഞ്ഞ് അപകടം വർക്ക്ഷോപ്പ് ഉടമയുടെ വിരൽ അറ്റു
ആലുവ: മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വർക്ക്ഷോപ്പ് ഉടമയുടെ തള്ളവിരൽ അറ്റു. മറ്റ് മൂന്നു വിരലുകൾ പാതി മുറിഞ്ഞ് തൂങ്ങി. അപകടത്തിന് ദൃക്സാക്ഷിയായ അൻവർ സാദത്ത് എംഎൽഎ അറ്റുപോയ തള്ളവിരലിന്റെ ഭാഗം കണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചതോടെ വിരൽ തുന്നിച്ചേർത്തു.
ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെ മാതാ തീയേറ്റർ ജംഗ്ഷനിലാണ് സംഭവം. മിനി ലോറിയിലെ കൂറ്റൻ ലെയ്ത്ത് മെഷീൻ കയറ്റത്തിൽ മറിഞ്ഞതോടെ കീഴ്മാട് മുതിരക്കാട് കോളനിയിൽ കാളിയാൻ സതീശൻ(36)ന്റെ ഇടതുകൈയുടെ തള്ളവിരൽ ലോറിക്കിടയിൽ കുടുങ്ങുകയായിരുന്നു. തൊട്ടുപിന്നിൽ സ്ഥലത്തെത്തിയ അൻവർ സാദത്ത് സതീശനെ ഓട്ടോറിക്ഷയിൽ ആലുവ കാരോത്തുകുഴി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് അപകടത്തിൽപ്പെട്ട വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് വിരൽ കണ്ടെത്തിയത്. എംഎൽഎ തന്നെ മറിഞ്ഞു കിടന്നിരുന്ന വാഹനത്തിൽ കൈകടത്തി അറ്റുകിടന്ന വിരൽ എടുത്ത് ഉടൻ കാരോത്തുകുഴി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലേക്ക് സതീശനെ മാറ്റി. ഇവിടെവച്ചാണ് വിരൽ തുന്നിച്ചേർത്തത്. സതീശൻ വീട്ടിൽ സ്വന്തമായി ലെയ്ത്ത് വർക്ക് ഷോപ്പ് നടത്തുകയാണ്. എടയാറിലെ ഒരു കമ്പനിയിൽ നിന്നും അറ്റകുറ്റപ്പണിക്കായി യന്ത്രം വീട്ടിലെ വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു. ലോറി പൂർവസ്ഥിതിയിലാക്കിയ ശേഷം മേഖലയിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
Leave A Comment