ഉപതെരഞ്ഞെടുപ്പ്: മാളയിൽ കോൺഗ്രസിന് അത്യുജ്ജ്വല വിജയം; നിത ജോഷിയുടെ ഭൂരിപക്ഷം 567
മാള: മാള ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അത്യുജ്ജ്വല വിജയം. കോൺഗ്രസ് സ്ഥാനാർഥി നിത ജോഷി 567 വോട്ടുകൾക്ക് ഇടത് സ്വതന്ത്രൻ ഇസ്മായിൽ നമ്പൂരിമഠത്തിനെ തോൽപ്പിച്ചു. നിത ജോഷിക്ക് 677 വോട്ടും ഇസ്മായിൽ നമ്പൂരിമഠത്തിന് 110 വോട്ടുകളും ബിജെപി സ്ഥാനാർഥി മണിക്കുട്ടന് 29 വോട്ടുകളുമാണ് ലഭിച്ചത്. ഫലത്തിൽ കോൺഗ്രസ് വാർഡ് നിലനിർത്തി.
സ്വാതന്ത്ര സ്ഥാനാർഥിയായി ഇവിടെ നിന്ന് വിജയിച്ച ജോഷി കാഞ്ഞൂത്തറ അയോഗ്യനായതിനെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാൻ ആകാഞ്ഞതാണ് ജോഷിക്ക് വിനയായത്. തുടർന്ന് ഭരണസമിതിയുടെ നിർദേശാനുസരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ജോഷിയെ അയോഗ്യനാക്കി. ഇതിനെതിരെ ജോഷി ഹൈകോടതിയെ സമീപിക്കുകയും കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയും ചെയ്തപ്പോഴാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് വന്നത്.
ജോഷി കാഞ്ഞൂത്തറയുടെ ഭാര്യ കൂടിയാണ് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട നിത ജോഷി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്ന ജോഷി കാഞ്ഞൂത്തറയെ അയോഗ്യനാക്കി പുറത്താക്കാനുള്ള സിപിഎം നീക്കത്തിൽ കോൺഗ്രസ് കോൺഗ്രസ് നേതൃത്വം ചെറുത്ത് നിൽപ്പ് നടത്തിയിരുന്നുവെങ്കിലും സർക്കാർ സംവിധാനവും ജോഷിക്ക് എതിരെയുണ്ടായിരുന്ന സ്വകാര്യ കേസും പ്രതികൂലമായി ഭവിക്കുകയായിരുന്നു. തൽക്കാലം കാവനാട് വാർഡിലെ വിജയം ജോഷിക്കും മാളയിലെ കോൺഗ്രസിനും മധുരപ്രതികാരം തന്നെയാണ്.
Leave A Comment