കെ.യു ബിജു കൊലക്കേസിൽ വെറുതെവിട്ട ബിജെപി നേതാവിനൊപ്പം വേദി പങ്കിട്ട് ഏരിയ സെക്രട്ടറി;വിവാദം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ സിപിഎം പ്രവർത്തകൻ കെയു ബിജു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി നേതാവിനൊപ്പം ഏരിയാ സെക്രട്ടറി വേദി പങ്കിട്ടതിൽ വിവാദം. ഡി സിനിമാസിന്റെ കൊടുങ്ങല്ലൂരിലെ തീയറ്റർ ഉദ്ഘാടന വേദിയാലാണ് സിപിഎം ഏരിയാ സെക്രട്ടറി കെആർ ജൈത്രനും കോടതി വെറുതെ വിട്ട ബിജെപി നേതാവ് എആർ ശ്രീകുമാറും വേദി പങ്കിട്ടത്. ഇതാണ് വിവാദത്തിന് കാരണമായത്. വിഷയത്തിൽ പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷം പുകയുകയാണ്.
കഴിഞ്ഞയാഴ്ചയാണ് ബിജു വധക്കേസ് പ്രതി ശ്രീകുമാറിനെ കോടതി വെറുതെ വിട്ടത്. ഇതിനെതിരെ സിപിഎം പ്രാദേശിക നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. കേസ് നടത്തിപ്പിൽ വീഴ്ചയുണ്ടായി എന്ന് പാർട്ടി അണികൾക്കിടയിൽ അമർഷം രൂക്ഷമാവുന്നതിനിടെയാണ് കോടതി വെറുതെ വിട്ട പ്രതിയുമായി ഏരിയാസെക്രട്ടറിയുടെ വേദി പങ്കിടൽ ഉണ്ടായത്. ഇതിനെതിരെ പാർട്ടി പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പരസ്യ വിമർശനവുമായി എത്തിയിട്ടുണ്ട്.
Leave A Comment