പ്രാദേശികം

റോഡരികിൽ ഉപയോഗ ശൂന്യമായ സവോള തള്ളിയവരെ പൊലീസ് കണ്ടെത്തി തിരികെയെടുപ്പിച്ചു

മാള: റോഡരികിലെ  പറമ്പിൽ ഉപയോഗ ശൂന്യമായ സവോള തള്ളിയവരെ പൊലീസ് കണ്ടെത്തി തിരികെയെടുപ്പിച്ചു. റോഡില്‍ തള്ളിയ ഉപയോഗ ശൂന്യമായതും ചീഞ്ഞതുമായ സവോള തള്ളിയവരെക്കൊണ്ടു തന്നെ പൊലീസ് തിരിച്ചെടുപ്പിച്ചു. മാള പഞ്ചായത്ത്  ആനപ്പാറ വടക്കും ഭാഗത്താണ് സംഭവം.

റോഡരികിനോട് ചേര്‍ന്ന് ഒരു  സ്വകാര്യ വ്യക്തിയുടെ പറമ്പിലും തൊട്ടിലുമായി ചീഞ്ഞു തുടങ്ങിയ സവോള  വ്യാപകമായി കൊണ്ടുവന്നിട്ടതിനെ തുടര്‍ന്ന് രൂക്ഷമായ ദുര്‍ഗന്ധമായിരുന്നു പ്രദേശമാകെ. പരിസരവാസികൾ  പഞ്ചായത്തു മെമ്പറെ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്തംഗം പ്രീജ സലിം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എസ്‌ ഐ സി.കെ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സവോള തള്ളിയവരെ കണ്ടെത്തുവാനുള്ള അന്വേഷണമാരംഭിച്ചു.

 പ്രദേശത്തെ വീടുകളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പ്രതികളെ പൊലീസ് കണ്ടെത്തി. പിക്കപ് വാനിലാണ് സവോള ഇവിടെ എത്തിച്ചത്. ഈ വാഹനമാണ് പ്രതികളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. തുടര്‍ന്ന് ഇവരെ പൊലീസ് സ്ഥലത്തെത്തിച്ച് തിരിച്ചെടുപ്പിക്കുകയായിരുന്നു. ആരോഗ്യ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോഷ് പഞ്ചായത്തു ആരോഗ്യ ഹെൽത്ത് ഇൻസ്‌പെക്ടർ ആതിര സുനിൽ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു കുറ്റക്കാർക്കെതിരെ ഫൈൻ ഈടാക്കും എന്ന് അറിയിച്ചു .

പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കു കർശന നടപടികൾ ഉണ്ടാകുമെന്ന് പഞ്ചായത്തു പ്രസിഡന്റ് ബിന്ദു ബാബു  പറഞ്ഞു

Leave A Comment