കൊടുങ്ങല്ലൂർ സിപിഐയിൽ പൊട്ടിത്തെറി :നേതൃത്വത്തിന്റേത് എകാധിപത്യമെന്ന് ഒരുവിഭാഗം,
മാള : സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം സമ്മേളനം നടക്കവേ നേതൃത്വത്തെ വെട്ടിലാക്കി കൂട്ടരാജിക്കൊരുങ്ങി ഒരു വിഭാഗം പാർട്ടി അംഗങ്ങൾ. വെള്ളാങ്ങല്ലൂരിലെ നെടുങ്ങാണം ബ്രാഞ്ച് സെക്രട്ടറി ഷമീർ, എ ഐ വൈ എഫ് വെള്ളാങ്ങല്ലൂർ മുൻ വൈസ് പ്രസിഡന്റ് ഷിയാസ് മഞ്ഞന എന്നിവരുടെ നേതൃത്വത്തിലാണ് അമ്പതോളം പ്രവർത്തകർ കൂട്ടരാജിക്ക് ഒരുങ്ങിയിരിക്കുന്നത്.
വെള്ളാങ്ങല്ലൂർ ലോക്കൽ സമ്മേളനം മുതലാണ് പ്രവർത്തകർ നേതൃത്വവുമായി ഇടഞ്ഞത്. മുൻ ലോക്കൽ സെക്രട്ടറി ഒറ്റയാൾ തീരുമാനം എടുക്കുന്നുവെന്നും ഇഷ്ടക്കാരെ പാർട്ടി കമ്മിറ്റികളിൽ ജനാധിപത്യ വിരുദ്ധമായി അവരോധിച്ചുവെന്നുമാണ് ഇവരുടെ പരാതി. മണ്ഡലം, ജില്ലാ നേതൃത്വങ്ങൾക്ക് ഇക്കാര്യത്തിൽ പരാതി നൽകിയിരുന്നെങ്കിലും നേതൃത്വം നടപടി എടുക്കാതെ നിസംഗതയോടെ പെരുമാറി എന്നും ഇവർ പരാതിപ്പെടുന്നു. പാർട്ടി സമ്മേളനങ്ങളിൽ ജനാധിപത്യ വിരുദ്ധമായ നടപടി സ്വീകരിക്കുന്ന ലോക്കൽ സെക്രട്ടറിക്ക് നേതൃത്വം നൽകുന്ന പിന്തുണ അണികളെ ഞെട്ടിക്കുന്നുവെന്നും രാജിക്കൊരുങ്ങിയ നേതാക്കൾ മാള വിഷനോട് വ്യക്തമാക്കി.
ഇന്നും നാളെയുമായി കൊടുങ്ങല്ലൂരിൽ സിപിഐ പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള മണ്ഡലം സമ്മേളനം നടക്കുകയാണ്.
Leave A Comment