ആത്മവിശ്വാസത്തോടെ തൊഴിൽ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും: മന്ത്രി ആർ ബിന്ദു
വെള്ളാങ്ങല്ലൂർ: ആത്മവിശ്വാസത്തോടെ തൊഴിൽ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനായി പ്രത്യേകം പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആദരണീയം 2022 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോക നിലവാരത്തിലുള്ള ലബോറട്ടറികളും ലൈബ്രറികളും സ്മാർട്ട് ക്ലാസ് മുറികളും ഇതര അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റമാണ് നടക്കുന്നത്. സ്വന്തം അഭിരുചികൾക്കനുസരിച്ചുള്ള കോഴ്സുകൾ കുട്ടികൾ തിരഞ്ഞെടുക്കണം. അതിന് രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെയും യുവജനങ്ങളെയും കർമ്മശേഷിയെ കാർന്നു തിന്നുന്ന മയക്കുമരുന്ന് ഉൾപ്പെടെയുള്ളവയ്ക്ക് എതിരെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും മന്ത്രി ചടങ്ങിൽ ഓർമ്മിപ്പിച്ചു.
എസ്എസ്എൽസി, സിബിഎസ്ഇ, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച കരൂപ്പടന്ന ഗവ.ഹയർ സെക്കന്ററി സ്കൂളിനെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. "ലഹരിയോട് വിട പറയാം, ജീവിതം തന്നെ ലഹരിയാക്കാം" എന്ന വിഷയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ് പാലക്കാട്, ദിശ കൗൺസിലർ എസ് അബ്ദുൾ റഹിമാൻ നയിച്ചു.
ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ.വി ആർ സുനിൽ കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജിയോ ഡേവിസ്, സിന്ധു ബാബു, ടി കെ ഷറഫുദ്ദീൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Leave A Comment