പറവൂരിൽ സർവ്വീസുകൾ വെട്ടിക്കുറച്ച് കെ എസ് ആർ ടി സി; യാത്രാക്ലേശം രൂക്ഷം
പറവൂർ: കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തി. പ്രദേശത്ത് യാത്രാക്ലേശം രൂക്ഷമായി. സാമ്പത്തിക പ്രതിസന്ധിയും ഡീസൽ വില വർധനയും മൂലമാണ് സർവീസുകൾ വെട്ടിക്കുറച്ചതെന്നാണ് വിവരം.
ആലുവ-പറവൂർ, പറവൂർ- മാട്ടുപുറം- ചാലാക്ക മെഡിക്കൽ കോളജ്, യുസികോളജ്-വെളിയത്തുനാട് -തണ്ടിരിക്കൽ, തത്തപ്പിള്ളി-കരിങ്ങാംതുരുത്ത് തുടങ്ങിയ റൂട്ടുകളിലെ സർവീസുകളാണു വെട്ടിക്കുറച്ചിരിക്കുന്നത്.
പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പലയിടത്തും പകുതിയിലേറെ സർവീസുകൾ വെട്ടിക്കുറച്ചിരിക്കയാണ്. ഇതോടെ പ്രദേശത്തു യാത്രാക്ലേശം രൂക്ഷമാണ്.ബസ് സമയത്തിനു കിട്ടാതായതോടെ കൂടുതൽ തുക മുടക്കി മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണു യാത്രക്കാർ. ഒട്ടേറെതവണ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലുംനടപടിയായിട്ടില്ല.
കെഎസ്ആർടിസി ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടിലാണു പ്രശ്നം രൂക്ഷമായിട്ടുള്ളത്. അതിനാൽ എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.കേവിഡിനെ തുടർന്നു നിർത്തി വച്ചിരുന്ന ഭൂരിഭാഗം സർവീസുകളും പിന്നീട് പുനരാരംഭിക്കാൻ സാധിക്കാത്തതും യാത്രാക്ലേശം രൂക്ഷമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്.
രാവിലെയും വൈകിട്ടും ഒഴിച്ചുള്ള സമയങ്ങളിൽ ആവശ്യത്തിനു ബസ് യാത്രക്കാർ ഇല്ലത്തതിനാലാണു സർവീസുകൾ വെട്ടിച്ചുരുക്കാൻ കാരണമെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്.
Leave A Comment