പ്രാദേശികം

തുമ്പൂർമുഴിയിൽ തുമ്പിക്കൈയില്ലാത്ത ആനക്കുട്ടി വീണ്ടും

ചാലക്കുടി: ചാലക്കുടി അതിരപ്പിള്ളി വനമേഖലയില്‍ തുമ്പികൈയ്യില്ലാത്ത കുട്ടിയാന വീണ്ടും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുനേരത്തോടെയാണ് ഏഴാറ്റുമുഖം മേഖലയില്‍ തുമ്പൈകൈയ്യില്ലാത്ത ആനകുട്ടിയെ കണ്ടത്. അമ്മയാനക്കൊപ്പമാണ് ഇത്തവണയും കുട്ടിയാനയെ കണ്ടത്.

പരസഹായമില്ലാതെ പുഴയില്‍ നിന്നും വെള്ളം കുടിക്കുന്നതും തീറ്റയെടുക്കുന്നതുമായ കാഴ്ച ആനസ്‌നേഹികള്‍ക്ക് ആശ്വാസം നല്കി. നാല് മാസംമുമ്പാണ് ഈ മേഖലയില്‍ തുമ്പികൈയ്യില്ലാത്ത ആനകുട്ടിയെ അദ്യമായി കാണുന്നത്. അമ്മയാനയടക്കമുള്ള അഞ്ചംഗ സംഘത്തോടൊപ്പമായിരുന്നു കുട്ടിയാന. പിന്നീട് രണ്ട് തവണയും കുട്ടിയാനയെ അമ്മയാനക്കൊപ്പമാണ് കണ്ടത്.

തുമ്പൂര്‍മുഴി വനമേഖലയില്‍ നിന്നും പുഴ മുറിച്ചുകടന്ന് പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടത്തിലേക്ക് പോകുന്നവഴി നാട്ടുകാരും തുമ്പൂര്‍മുഴിയില്‍ നിന്നും ആനമല റോഡ് മുറിച്ച് കടക്കുമ്പോള്‍ ബസ് യാത്രക്കാരുമാണ് കുട്ടിയാനയെ കണ്ടത്. കുട്ടിയാനയെ കണ്ടെത്തി പരിപാലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ലക്ഷ്യമിട്ട് വനംവകുപ്പി ആനകുട്ടിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വനംവകുപ്പ് ആനകുട്ടിക്കായി അന്വേഷണം നടത്തുന്നതിനിടെ രണ്ട് തവണ നാട്ടുകാരുടേയും ബസ് യാത്രക്കാരുടേയും മുന്നില്‍ തുമ്പികൈയ്യില്ലാത്ത ആനകുട്ടി പ്രത്യക്ഷപ്പെടുകയും ചെയ്തു.

തുമ്പികൈ ഇല്ലാത്തത് ജന്മനായുള്ള വൈകല്യമാണോയെന്നതില്‍ വ്യക്തതയില്ല. ഏതെങ്കിലും വന്യമൃഗം ആക്രമിച്ചപ്പോഴോ കുടുക്കില്‍ കുടങ്ങി വലിച്ചപ്പോഴോ തുമ്പികൈ നഷ്ടപ്പെട്ടതാകാനും സാധ്യതയുണ്ട്. കുട്ടിയാനക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതും പരസഹായമില്ലാതെ വെള്ളവും ഭക്ഷണവും കഴിക്കാനാകുന്നതും ആശ്വാസവും സന്തോഷവും നല്കുകയാണ്.

Leave A Comment