അങ്കമാലിയിൽ പടരുന്ന ഡെങ്കിപ്പനി
അങ്കമാലി: കാലവർഷത്തോടൊപ്പം അങ്കമാലിയിൽ ഡെങ്കിപ്പനിയും പടരുന്നു. പൊതു ഇടങ്ങളിലും വീടുകളിലും മഴക്കാല ശുചീകരണം കാര്യക്ഷമമായി നടത്തുന്നതിന് നഗരസഭാധികൃതർ കാണിച്ച അനാസ്ഥയാണ് ഇതിന് കാരണം.
മാസങ്ങളായി തകരാറിലായ ഫോഗിംഗ് മെഷീൻ ഇതുവരെ അറ്റകുറ്റപ്പണി നടത്തി ഫോഗിംഗ് നടത്തുവാൻ നഗരസഭയ്ക്കായിട്ടില്ല. കഴിഞ്ഞ കൗൺസിൽ യോഗങ്ങളിൽ പ്രതിപക്ഷം പലവട്ടം വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനങ്ങാപാറ നയമാണ് ഭരണപക്ഷം സ്വീകരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളിൽ പ്രവേശിച്ചവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. മഴ രൂക്ഷമാകുന്നതോടെ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കാനിടയുണ്ട്.
നഗരസഭാ ഭരണസമിതിയുടെ നിഷ്ക്രിയത്വം അവസാനിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ കാര്യാലയത്തിൽ ഇന്ന് രാവിലെ 10 മുതൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ടി.വൈ. ഏലിയാസും സെക്രട്ടറി പി.എൻ. ജോഷിയും അറിയിച്ചു.
Leave A Comment