പ്രാദേശികം

കൊടുങ്ങല്ലൂർ കൂർക്കാഞ്ചേരി റോഡ് നവീകരണം വേഗത്തിലാക്കാൻ ധാരണ

വെള്ളാങ്ങല്ലൂർ: കൊടുങ്ങല്ലൂർ- കൂർക്കഞ്ചേരി കോൺക്രീറ്റ് റോഡു പണിയുടെ ഭാഗമായി പൊളിച്ച കലുങ്കുകൾ വേഗത്തിൽ പണി തീർക്കാനും  പുറമ്പോക്ക് ഭൂമി ഒഴിപ്പിച്ച്‌ പൈപ്പുകളും വൈദ്യുതിത്തൂണുകളും റോഡരികിലേക്ക് മാറ്റി സ്ഥാപിച്ച ശേഷം വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ റോഡുപണി തുടങ്ങണമെന്നും  പഞ്ചായത്തിൽ വിളിച്ചു ചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിൽ തീരുമാനിച്ചു.

 വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ റോഡുപണി തുടങ്ങുന്നതിന്റെ മുന്നോടിയായി വ്യാപാരികൾ, ബസ്സുടമകൾ, ഓട്ടോ, ടാക്സി തൊഴിലാളികൾ, നാട്ടുകാർ, രാഷ്ട്രീയ പ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരുടെ ആശങ്കകൾ കേൾക്കാനും പരിഹാരം കണ്ടെത്താനുമായാണ് വി.ആർ. സുനിൽകുമാർ എം.എൽ.എ. യുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തത്.

പാലയ്ക്കൽ മുതൽ റോഡുപണി തുടങ്ങിയ സമയത്ത് ആരംഭിച്ച വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കലുങ്കുപണികൾ ഇനിയും പൂർത്തിയായിട്ടില്ല. കൂടാതെ ജലനിധി പൈപ്പുകൾ സ്ഥാപിക്കൽ, വൈദ്യുതിത്തൂണുകൾ റോഡിന്റെ അരികിലേക്ക് മാറ്റി സ്ഥാപിക്കൽ ഇതെല്ലാം പൂർത്തിയാക്കിയതിനു ശേഷം റോഡുപണി തുടങ്ങിയാൽ മാത്രമേ തടസ്സങ്ങൾ ഇല്ലാതെ സമയബന്ധിതമായി പണി പൂർത്തിയാക്കാൻ കഴിയൂ. 

യോഗത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ. അധ്യക്ഷനായി.  വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ആർ. അരുൺ, കൺസൾട്ടന്റ് റെസിഡന്റ് എൻജിനീയർ കെ.എൻ. മധുസൂദനൻ, കരാർ ഏറ്റെടുത്ത കമ്പനിയുടെ പ്രോജക്ട്‌ മാനേജർ റെജി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Comment