പറവൂരിൽ മരം കടപുഴകിവീണ് ഒമ്പത് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു
പറവൂർ : ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കാറ്റിൽ പെരുവാരം പടമഠം റോഡിൽ മരം കടപുഴകി വീണ് ഒമ്പത് വൈദ്യുതിപോസ്റ്റുകൾ തകർന്നു. പറവൂരിൽ നിന്ന് അഗ്നിരക്ഷാസേനയും മുനിസിപ്പൽ കണ്ടിൻജൻസി ജീവനക്കാരും കെ.എസ്.ഇ.ബി. ജീവനക്കാരും എത്തിയാണ് മരം മുറിച്ചുമാറ്റി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. മഴക്കെടുതി നേരിടാൻ നഗരസഭാ കൗൺസിൽ ഹാളിൽ ചെയർപേഴ്‌സൺ വി.എ. പ്രഭാവതിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
വ്യക്തികളുടെയും മറ്റും ഉടമസ്ഥതയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ അവരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ മുറിച്ചുനീക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അപകടമുണ്ടായാൽ നാശത്തിന്റെ ഉത്തരവാദി വ്യക്തികളായിരിക്കും. പുഴകളിലും കുളങ്ങളിലും വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുട്ടികൾ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.
അടിയന്തര സാഹചര്യമുണ്ടായാൽ പുല്ലംകുളം എസ്.എൻ. സ്‌കൂൾ, മാർ ഗ്രിഗോറിയോസ് സ്‌കൂൾ, സെയ്ന്റ് ജർമയിൻസ് എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങും. റെഡ് അലർട്ടുള്ള ദിവസങ്ങളിൽ നഗരസഭാ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തിക്കും. ഫോൺ: 0484-2442327, 9496602466, 7907413784
Leave A Comment