പ്രാദേശികം

കുത്തിയൊഴുകി ചാലക്കുടി പുഴ : വിവിധ പഞ്ചായത്തുകളിൽ ദുരിതാശ്വാസക്യാമ്പുകൾ തുറന്നു

ചാലക്കുടി : ആശങ്ക നിറച്ച് കുത്തിയൊഴുകുകയാണ് ചാലക്കുടി പുഴ.  പുഴയിലേക്ക് ഇനിയും അധികജലമെത്തിയാൽ സ്ഥിതി 2018-ലേതിന്‌ സമാനമാകുമോയെന്ന് കണക്കുകൂട്ടുകയാണ് അധികൃതർ. പുഴയിലെ നീരൊഴുക്ക് തിങ്കളാഴ്‌ച രാത്രിമുതൽ കൂടിവന്നുതിങ്കളാഴ്‌ച വൈകീട്ട് മൂന്നുമീറ്റർ ആയിരുന്നു ജലനിരപ്പ്. ചൊവ്വാഴ്‌ച പുലർച്ചെ ഒന്നിന് ഇത് 4.65 മീറ്ററായി. രാവിലെ ആറിന് 6.6 മീറ്ററിലേക്കും ഉയർന്നു. ഉച്ചയ്ക്ക് 12-ന് 7.025 മീറ്ററിലെത്തി. 7.10 ആണ് മുന്നറിയിപ്പ് ജലനിരപ്പ്. രണ്ടോടെ 6.98 മീറ്ററായി കുറഞ്ഞു. മഴ നിലച്ചതോടെയാണിത്. പിന്നീട് ചെറിയതോതിൽ വെള്ളം കുറഞ്ഞുകൊണ്ടിരുന്നു. എന്നാൽ, അടുത്ത രണ്ടുദിവസങ്ങളിലും റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ പുഴയിൽ വെള്ളം ഇനിയും കൂടുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

ചൊവ്വാഴ്‌ച രാവിലെത്തന്നെ ചാലക്കുടിപ്പുഴയോരത്തെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ഗ്രാമീണമേഖലയിലേക്കുള്ള റോഡുകൾ വെള്ളത്തിലായതിനാൽ പട്ടണത്തിൽനിന്ന്‌ അങ്ങോട്ടുള്ള യാത്രകൾ ഉച്ചയോടെ മുടങ്ങി. പുഴയുടെ കൈവഴിയായ കപ്പത്തോട് നിറഞ്ഞൊഴുകി. റെയിൽവേ അടിപ്പാതയിൽ വെള്ളം നിറഞ്ഞ്് ഗതാഗതം മുടങ്ങി. അന്നമനടയിൽ പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്ന കൊരട്ടിച്ചാൽ വഴിയാണ് വെള്ളം കരയിലേക്ക്‌ കയറിയത്.

 മറ്റേതെറ്റ ഭാഗത്തെ വലിയ കൾവർട്ട് വഴി പുഴ വാളൂർപാടത്തേക്ക് കയറി. വെള്ളം തിരികെ ഒഴുകിത്തുടങ്ങിയതോടെ വാളൂർ പടിഞ്ഞാറൻമേഖലയിലെ പല വീടുകളിലും വെള്ളം കയറി. കഴിഞ്ഞ രാത്രിതന്നെ പലരെയും ഇവിടെനിന്ന്‌ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
കുഴൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറി. വീടുകളിലും വെള്ളം കയറി. കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. കുഴൂർ പഞ്ചായത്തിലെ ആലമറ്റം-കണക്കൻകടവ് റോഡ് വെള്ളത്തിലായി.

 പുഴയിൽനിന്നുള്ള മോറത്തോട്ടിലെ തടയണ ഒന്നര അടി തുറന്ന്‌ വെള്ളം ഒഴുക്കിവിട്ടു. പുഴയുടെ അനുബന്ധമായി ഒന്നര മീറ്റർ ജലനിരപ്പാണ് ഇവിടെയുള്ളത്. തടയണ പൂർണമായി തുറന്നാൽ പുത്തൻവേലിക്കര ഗ്രാമം വെള്ളത്തിലാകുന്ന അവസ്ഥയാണുള്ളത്. കുഴൂർ പഞ്ചായത്തിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എരവത്തൂർ എൽ.പി. സ്‌കൂൾ, കുണ്ടൂർ സർക്കാർ യു.പി.സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി അറുപതോളം പേരാണ് രാത്രിയോടെ എത്തിയത്. ഐരാണിക്കുളം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. കൊരട്ടി, കാടുകുറ്റി, അന്നമനട പഞ്ചായത്തുകളിലെ നീർത്തടത്തിലൂടെ എത്തുന്ന വെള്ളം കാർഷികാവശ്യങ്ങൾ കഴിഞ്ഞ് കൊരട്ടിച്ചാൽ വഴിയാണ് ചാലക്കുടി പുഴയിലേക്ക് പോകുന്നത്. ഇതുവഴിയാണ് പുഴ നിറയുന്നതോടെ തിരിച്ച് കരയിലേക്ക് കയറുന്നത്. കോടശ്ശേരി പഞ്ചായത്തിൽ മൂന്ന് ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. എലിഞ്ഞിപ്ര ആശ്രമം പള്ളി ഹാൾ, കുറ്റിച്ചിറ യു.പി. സ്‌കൂൾ, നായരങ്ങാടി യു.പി. സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. 15 കുടുംബങ്ങൾ ക്യാമ്പിലെത്തി. ക്യാമ്പിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തി. പള്ളം മേഖലയിലും കൂർക്കമറ്റം മേഖലയിലും വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ സ്ഥലങ്ങളിൽനിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചു.

Leave A Comment