പ്രാദേശികം

തെളിയാതെ 'നിലാവ് ', പ്രതിഷേധവുമായി പഞ്ചായത്തുകൾ

ആലുവ : സംസ്ഥാന സർക്കാരിന്റെ 'നിലാവ്' പദ്ധതിയിൽപ്പെടുത്തി വാർഡുകളിൽ സ്ഥാപിച്ച എൽ.ഇ.ഡി. തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷോധിച്ച് പഞ്ചായത്തുകൾ. ചൂർണിക്കര പഞ്ചായത്തംഗങ്ങൾ കെ. എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എൻജിനീയർ സിന്ധുവിനെ ഉപരോധിച്ചു.

വാർഡുകളിൽ ‘നിലാവ്’ തെരുവുവിളക്കിട്ട് മൂന്നു ദിവസം കഴിഞ്ഞപ്പോൾ പലതും അണഞ്ഞെന്ന് പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചു. തെരുവുവിളക്കിന്റെ കാര്യം പറഞ്ഞു വിളിക്കുമ്പോൾ മാറ്റിയിടാൻ സ്റ്റോക്കില്ലെന്ന പല്ലവിയാണ് സ്ഥിരമായി കേൾക്കുന്നതെന്ന് പഞ്ചായത്തംഗങ്ങൾ പറഞ്ഞു.

കരാർ നൽകിയ കമ്പനി എൽ.ഇ.ഡി. ലൈറ്റ് എത്തിക്കുന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നുമാണ് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചത്‌. ‘നിലാവ്’ പദ്ധതി പ്രകാരം പഞ്ചായത്ത് തുക അടച്ചത് കെ.എസ്.ഇ.ബി. യിൽ ആയതിനാൽ പരിഹാരം കാണേണ്ടത് വകുപ്പാണെന്നും ജനപ്രതിനിധികൾ അറിയിച്ചു. ആകെയുള്ള പത്ത് തെരുവുവിളക്കുകൾ അടിയന്തരമായി ആവശ്യമുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. ചൂർണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് ഷെഫീക്‌, ഷീല ജോസ്, ബ്ലോക്കംഗം സതി ഗോപി, രാജേഷ് പുത്തനങ്ങാടി, സി.പി. നൗഷാദ്, നാട്ടുകാരായ ജയദേവൻ, ജോസ് ദാസ്, പി.കെ. യൂസഫ് എന്നിവർ നേതൃത്വം നൽകി.

Leave A Comment