ശുചിത്വമില്ലെന്നു പരാതി: പൂമംഗലം ജനകീയ ഹോട്ടൽ പൂട്ടി
എടക്കുളം: ശുചിത്വമടക്കമുള്ള വിഷയങ്ങളിൽ ഉയർന്ന പരാതികളിൽ പരിഹാരമുണ്ടാകാത്തതോടെ പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിവന്ന ജനകീയ ഹോട്ടൽ പൂട്ടി.
ജില്ലാ കുടുംബശ്രീ മിഷനാണ് അന്വേഷണം നടത്തി ഹോട്ടലിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.
20 രൂപയ്ക്ക് ഭക്ഷണം ലഭിച്ചിരുന്ന ഹോട്ടൽ സാധാരണക്കാർക്ക് സഹായമായിരുന്നു. ശുചിത്വം ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടാകുന്നതായി ഹോട്ടലിനെതിരേ വ്യാപകമായി പരാതി ഉയർന്നിരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തന്പി പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനായി ഒരു മാസത്തെ സമയം നൽകിയിരുന്നു.
എന്നാൽ പരിഹാര നടപടികൾ ഉണ്ടായില്ല. കുടുംബശ്രീ ജില്ലാ മിഷനും ഹോട്ടലിലെത്തി പരിശോധന നടത്തിയാണ് ഹോട്ടൽ നിർത്തിവക്കാൻ ജില്ലാ കുടുംബശ്രീ മിഷൻ നിർദേശിച്ചത്. കോവിഡിനെത്തുടർന്നുണ്ടായ ലോക്ഡൗണ്‍ കാലത്ത് ആരംഭിച്ച കമ്യൂണിറ്റി കിച്ചണിന്റെ തുടർച്ചയായാണ് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചത്. അതേസമയം ഹോട്ടൽ ആരംഭിക്കാൻ തയ്യാറായി മൂന്നുപേർ സമീപിച്ചിട്ടുണ്ടെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. അനുയോജ്യമായ സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കിട്ടിയാലുടൻ ഹോട്ടൽ ആരംഭിക്കുമെന്നും കുടുംബശ്രീ വ്യക്തമാക്കി.
Leave A Comment