പ്രാദേശികം

മീഡിയ ടൈം വാർത്ത തുണയായി : മൂഴിക്കുളം എരിമ്മൽ രാജേഷിന് ഉടൻ വൈദ്യുതി ലഭിക്കും

മൂഴിക്കുളം : പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളത്ത് അയൽവാസിയുടെ എതിർപ്പ് മൂലം മണ്ണെണ്ണ വിളക്കിനെ ആശ്രയിച്ച് രാത്രി കഴിച്ചുകൂട്ടുന്ന ചെട്ടിക്കുളം ഏരിമ്മൽ രാജേഷിന്റെ കുടുംബത്തിന്‍റെ ദുരവസ്ഥ മീഡിയ ടൈം പുറത്തു കൊണ്ടുവന്നതിന് പിറകെ സഹായ സന്നദ്ധരായി വിവിധ സംഘടനകൾ രംഗത്ത്. വാർത്ത ശ്രദ്ധയിൽ പെട്ട എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും സി പി എമ്മിന്റെയും ഇടപെടൽ ഈ കാര്യത്തിലുണ്ടായി. 

ലീഗൽ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി രഞ്ജിത്ത് കൃഷ്ണന്‍റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം താലൂക്ക് പാരാ ലീഗൽ വൊളന്റിയർമാരായ സി.ഡി. ജോസ്, നിമ്മി മൈക്കിൾ എന്നിവർ രാജേഷിന്റെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചു. ഇവർ വിശദമായ റിപ്പോർട്ട് ആലുവ കോടതി വഴി ജില്ലാ ജഡ്ജിക്ക് സമർപ്പിക്കും. താമസിയാതെ എ.ഡി.എമ്മിന്‍റെ ഉത്തരവ് പ്രകാരം വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

അതേസമയം, സിപിഐ എം പാറക്കടവ് ലോക്കൽ കമ്മിറ്റിയും വിഷയത്തിൽ ഇടപെട്ടു. ലോക്കൽ കമ്മറ്റി അംഗം എം.കെ പ്രകാശൻ , ചെട്ടിക്കുളം ബ്രാഞ്ച് സെക്രട്ടറി 
ഡേവീസ് എംഎ , ബ്രാഞ്ച് അംഗം അർജ്ജുനൻ എന്നിവരുടെ നേതൃത്വത്തിൽ അയൽവാസികളുമായി അനുരജ്ജന ചർച്ചകൾ നടത്തി. അനുരജ്ജന ചർച്ചകളുടെ ഫലമായി പ്രദേശവാസികൾ നൽകിയ പരാതി രേഖാമൂലം പിൻവലിക്കാൻ പരാതിക്കാർ തയ്യാറായി. തുടർന്ന് കെഎസ്ഇബി വട്ടപറമ്പ് സെക്ഷൻ ഓഫീസ് അസി: എഞ്ചിനിയർ മുമ്പാകെ എഴുതി തയ്യാറാക്കിയ സമ്മത പത്രം നൽകുകയും ചെയ്തു.

രാജേഷിന്‍റെ 75 വയസ്സ് കഴിഞ്ഞ അസുഖബാധിതയായ അമ്മയും ഭാര്യയും വിദ്യാർഥികളായ രണ്ട് കുട്ടികളും കഴിഞ്ഞ നാലു മാസമായി വൈദ്യുതിക്കായുള്ള കാത്തിരിപ്പിലാണ്. 2018-ലെ പ്രളയത്തിൽ വീടിന്‍റെ തറയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നതിനാൽ വീട് ഭാഗികമായി പൊളിച്ചുനീക്കി ഷീറ്റു കെട്ടിയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.

ഇതിനിടെ സഹോദരിയുടെ വിവാഹത്തിനെടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തിയായി. ബാങ്കിലെ കടം തിരിച്ചടയ്ക്കാൻ ഉള്ള വീട് വിറ്റ് ബാക്കിയുള്ള നാലുസെന്റ്‌ സ്ഥലത്ത് മറ്റൊരു വീട് വെച്ചപ്പോഴാണ് അയൽവാസി വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് എതിർപ്പുമായി വന്നത്. പ്ലസ്ടുവിനും ഏഴിലും പഠിക്കുന്ന കുട്ടികളുടെ പഠനത്തെയും ഇത് ബാധിച്ചിരിക്കുകയാണ്. മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലാണ് ഇവർ പഠിക്കുന്നത്.

Leave A Comment