ദേശീയം

അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ച് അപകടം

ലക്‌നൗ:  തമിഴ്‌നാട്ടില്‍നിന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ച് അപകടം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉന്നാവിലെ പൂര്‍വ കോട്വാലിയിലെ ഖര്‍ഗി ഖേദ ഗ്രാമത്തിലുണ്ടായ അപകടത്തില്‍ ട്രക്ക് പൂര്‍ണമായും കത്തിനശിച്ചു. 

വെടിമരുന്നിന് തീപിടിച്ച് ട്രക്ക് കത്തിനശിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തിന് മൂന്നു മണിക്കൂറിനുശേഷമാണ് ട്രക്കിലെ തീ അണയ്ക്കാനായതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

അയോധ്യ രാമക്ഷേത്രത്തില്‍ ഈ മാസം 22ന് വിഗ്രഹപ്രതിഷ്ഠ നടക്കാനിരിക്കെ, ചടങ്ങുകള്‍ക്കായി അവിടേക്കു കൊണ്ടുപോയ വെടിമരുന്നാണ് കത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  എന്നാല്‍, ട്രക്ക് ഉടമ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയും വാഹനം ബഹ്റൈച്ചിലേക്കുള്ള യാത്രയിലാണെന്നും പറഞ്ഞു.

Leave A Comment