കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരായ പ്രതിപക്ഷ ഹർജി തള്ളി കോടതി
ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോദി സർക്കാർ പ്രതിപക്ഷ കക്ഷികളെ ദ്രോഹിക്കുന്നുവെന്ന ഹർജി തള്ളി സുപ്രീം കോടതി. പ്രതിപക്ഷ നേതാക്കൾക്ക് പൗരന്മാർ എന്ന നിലയിൽ എന്തെങ്കിലും പ്രത്യേക അവകാശങ്ങളുണ്ടോയെന്ന് കോടതി ചോദിച്ചതോടെ ഹർജി പിൻവലിക്കുകയായിരുന്നു.
അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാർട്ടികളാണ് ഹർജി സമർപ്പിച്ചത്.
നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ഇഡി, സിബിഐ എന്നീ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾക്കെതിരെ വ്യാപകമായി കേസുകൾ ഫയൽ ചെയ്യുന്നുവെന്നാണ് ഹർജിയിൽ ആരോപിച്ചത്.
ഹർജി പരിഗണിക്കുന്നതിനിടെ, ഏജൻസികളുടെ അന്വേഷണത്തിൽ നിന്നും പ്രതിപക്ഷ നേതാക്കൾ ഒഴികഴിവുകൾ തേടുകയാണോയെന്ന് ചോദിച്ചു. നിയമപരമായി സാധാരണക്കാരുടെ അതേ അവകാശം തന്നെയാണ് രാഷ്ട്രീയ നേതാക്കള്‍ക്കുമുള്ളതെന്ന് കോടതി പറഞ്ഞു.
അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് മറ്റ് ഏതൊരു പൗരനേയും പോലെ നിയമപരമായ പരിഹാരം തേടാം. അല്ലാതെ പ്രത്യേക പരിരക്ഷ അവകാശപ്പെടാനോ അറസ്റ്റിന് പ്രത്യേക മാര്‍ഗ നിര്‍ദേശം വേണമെന്ന് പറയാനോ ആവില്ലെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Leave A Comment