ദേശീയം

റമല്‍ ചുഴലിക്കാറ്റ് കരതൊട്ടു, പശ്ചിമ ബംഗാളില്‍ കനത്ത മഴ; വ്യാപക നാശനഷ്ടം

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടതോടെ അതിശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പ്. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് നിലവില്‍ കാറ്റ് വീശുന്നത്. കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. പശ്ചിമ ബംഗാളിലെ തീരപ്രദേശത്ത് റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചു. 

ബംഗ്ലാദേശിലെ ഖാപുപറയ്ക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും മധ്യേയാണ് റമല്‍ ചുഴലിക്കാറ്റ് കരതൊട്ടത്. കൊല്‍ക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളില്‍ കനത്ത മഴയാണ്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ദേശീയ ദുരന്തനിവാരണ സേനയുടെ മരങ്ങള്‍ മുറിച്ച് മാറ്റുന്ന നടപടി പുരോഗമിക്കുകയാണ്. 

ആഘാതം ലഘൂകരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അസം, മേഘാലയ, ത്രിപുര, മിസോറാം, മണിപ്പൂര്‍ സര്‍ക്കാരുകള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇന്നലെ രാത്രി ബംഗ്ലാദേശിലെ മോംഗ്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സാഗര്‍ ദ്വീപിനും ഖെപുപാറയ്ക്കും ഇടയില്‍ വീശിയടിച്ച കൊടുങ്കാറ്റ് വ്യാപക നാശനഷ്ടമാണ് വരുത്തിയത്. 

നൂറുകണക്കിന് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. കൊല്‍ക്കത്തയിലും തെക്കന്‍ ബംഗാളിലും വ്യോമ, റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഈസ്റ്റേണ്‍, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം 21 മണിക്കൂര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. ഇന്ന് രാവിലെ 9 മണിയോടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. കൊല്‍ക്കത്തയിലെ ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖവും പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

കൊല്‍ക്കത്തയിലെ ബിബിര്‍ ബഗാന്‍ മേഖലയില്‍ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് ഒരാള്‍ക്ക് പരുക്കേറ്റു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. തെക്കന്‍ അസമിലും മേഘാലയയിലും ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു.

മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന സജ്ജമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തെക്കന്‍ ബംഗാള്‍ തീരത്ത് 14 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സേനകളും ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമാണ്. ത്രിപുരയില്‍ സംസ്ഥാന സര്‍ക്കാര്‍ നാല് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Comment