ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര സാധ്യമല്ല: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര സാധ്യമല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജോഡോ യാത്ര ഡൽഹിയിൽ പര്യടനം നടത്തുന്നതിനിടെ രാഹുൽ പലവട്ടം സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്നു എന്ന സിആർപിഎഫ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര നടത്തണമെന്നാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത്. അത് എങ്ങനെ സാധിക്കും? ഇത് കാൽനട ജാഥയാണ്- രാഹുൽ പറഞ്ഞു.
അവരുടെ നേതാക്കൾ തുറന്ന ജീപ്പുകളിൽ റോഡ്ഷോ നടത്തുമ്പോൾ, പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് കത്തുകളൊന്നും അയക്കാറില്ല. രാഹുൽ ഗാന്ധി സ്വന്തം സുരക്ഷ ലംഘിച്ചുവെന്ന് ആരോപിച്ച് അവർ കേസ് കെട്ടിപ്പൊക്കുവാൻ ശ്രമിക്കുകയാണ്. ഒരു അസത്യ പ്രചാരണത്തിനും സത്യത്തെ അടിച്ചമർത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 24-നു നടന്ന യാത്രയിൽ രാഹുൽ ഗാന്ധിക്കു സുരക്ഷ ഉറപ്പാക്കുന്നതിൽ ഡൽഹി പോലീസ് പൂർണമായും പരാജയപ്പെട്ടെന്നാരോപിച്ച് കോണ്ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ സുരക്ഷാ മാനദണ്ഡം ലംഘിച്ചെന്ന് സിആർപിഎഫ് ആരോപിച്ചത്.
Leave A Comment