ജോഷിമഠ് ഇടിഞ്ഞ് താഴുന്നു; 600 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും
ഡെഹ്റാഡൂണ്‍: ഉത്തരാഖണ്ഡിലെ തീര്‍ഥാടന നഗരമായ ബദ്രിനാഥിലേയ്ക്കുള്ള കവാടമായ ജോഷിമഠ് പട്ടണത്തിലെ 600 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി ഉത്തരവിട്ടു. വിള്ളല്‍വീണതും അപകടാവസ്ഥയിലുള്ളതുമായ വീടുകളില്‍ താമസിക്കുന്നവരെയാണ് മാറ്റുക. പ്രദേശം ഇന്ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും.
വ്യാപകമായ മണ്ണിടിച്ചിലുണ്ടാകുന്ന മേഖലയില്‍ അശാസ്ത്രീയ കെട്ടിട നിര്‍മാണം വ്യാപകമായതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ആരോപണം. ആകെ 3000ല്‍ അധികം വീടുകളാണ് പ്രദേശത്ത് അപകടാവസ്ഥയിലുള്ളത്.
അറുന്നൂറോളം വീടുകളിലാണ് വിള്ളല്‍ രൂപപെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുനരധിവാസം ആവശ്യപ്പെട്ട് മേഖലയിലെ ജനങ്ങള്‍ പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രദേശത്തെ ഒരു ക്ഷേത്രം തകര്‍ന്നുവീണതും ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയെ പ്രദേശത്ത് വിന്യസിച്ചു.
അതേസമയം പ്രദേശത്തെ ഭൗമപ്രശ്നം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു. മുന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
Leave A Comment