രാഹുലിന്റെ ടീഷർട്ടിൽ കൊമ്പ് കോർത്ത് ബിജെപിയും കോൺഗ്രസ്സും : വിവാദം സോഷ്യൽ മീഡിയയിൽ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് മുന്നേറുമ്പോള്‍ അതിന്റെ രാഷ്ട്രീയമാനങ്ങള്‍ക്കൊപ്പം രാഹുലിന്റെ രൂപമാറ്റവും വേഷവുമെല്ലാം വാർത്തകളില്‍ ഇടംനേടുന്നുണ്ട്. ഡല്‍ഹിയില്‍ പ്രവേശിച്ച ഭാരത് ജോഡോ യാത്രയിയ്ക്കിടെ കൊടും ശൈത്യത്തില്‍ രാഹുല്‍ ഒരു ടിഷര്‍ട്ടും പാന്റ്സും മാത്രം ധരിച്ച് നടക്കുന്നത് വലിയ ചര്‍ച്ചയായിരുന്നു.

രൂക്ഷമായ തണുപ്പ് അനുഭവപ്പെടുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയാണ് ഇപ്പോള്‍ രാഹിലിന്‍റെ യാത്ര. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ വേഷം പലരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്.കൊടുംതണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളൊന്നുമില്ലാതെ എങ്ങനെ ഈ കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കുന്നു എന്നായിരുന്നു പലരുടെയും അത്ഭുതം. ജനങ്ങളുടെ സ്‌നേഹച്ചൂടുകൊണ്ടാണ് ടീഷര്‍ട്ട് മാത്രം ധരിച്ച രാഹുലിന് കൊടും ശൈത്യത്തിലും തണുപ്പ് അനുഭവപ്പെടാത്തതെന്ന് കോണ്‍ഗ്രസ് ഇതിന് മറുപടിയും നല്‍കിയിരുന്നു.

എന്നാല്‍, കൊടും തണുപ്പില്‍ രാഹുല്‍ ടിഷര്‍ട്ട് മാത്രം ധരിച്ച് നടക്കുന്നതിന്റെ രഹസ്യം കണ്ടെത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ബിജെപി. ടീഷര്‍ട്ടിനുള്ളില്‍ രാഹുല്‍ തെര്‍മല്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍.ഭാരത് ജോഡോ യാത്രയ്ക്കിടെ അദ്ദേഹം ധരിച്ച ടീഷര്‍ട്ടിന്റെ അകത്ത് മറ്റൊരു വസ്ത്രം ധരിച്ചതായി വ്യക്തമാക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബിജെപി പക്ഷത്തിന്റെ സോഷ്യല്‍ മീഡിയാ ട്വീറ്റുകള്‍.
Leave A Comment