വാക്ക് പാലിച്ച് കോൺഗ്രസ്; ഹിമാചലിൽ പഴയ പെൻഷൻ സ്കീം തിരികെയെത്തി
ഷിംല: നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായ പഴയ പെൻഷൻ സ്കീമിന്റെ പുനഃസ്ഥാപനം നിർവഹിച്ച് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ. പഴയ പെൻഷൻ സ്കീം തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിന് പുതിയ മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു അറിയിച്ചു.
പഴയ പെൻഷൻ സ്കീമിന്റെ പ്രയോജനം സംസ്ഥാനത്തെ 1.36 ലക്ഷം തൊഴിലാളികൾക്കും പെൻഷൻകാർക്കും ലഭിക്കുമെന്നും സ്കീം ഇന്ന് മുതൽ നിലവിൽ വന്നതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന് 800 മുതൽ 900 കോടി രൂപയുടെ അധികബാധ്യത വരുത്തുന്ന പഴയ പെൻഷൻ സ്കീമിനുള്ള പണം നികുതി വർധനവിലൂടെ കണ്ടെത്താനാണ് സർക്കാരിന്റെ ശ്രമം. ഇതിനായി ഡീസൽ അടക്കമുള്ള വസ്തുക്കൾക്ക് മൂന്ന് രൂപ വരെ അധിക നികുതി ചുമത്തിയേക്കും.
സൈനികരും സർക്കാർ ജീവനക്കാരും പ്രധാന വോട്ടുബാങ്കായ ഹിമാചലിൽ പെൻഷൻ സ്കീം എന്ന വാഗ്ദാനം മുൻനിർത്തിയാണ് പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്.
Leave A Comment