ദേശീയം

മോദി സർക്കാരിനും അദാനിക്കുമെതിരെ പുതിയ ആരോപണവുമായി രാഹുൽ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനും ദുരൂഹതയുള്ള വിദേശകമ്പനിയായ എലേറയ്ക്കും രാജ്യത്തെ മിസൈലുകളും റഡാറുകളും പുതുക്കാനുള്ള കരാര്‍ നല്‍കി എന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. എലേറ എന്ന കമ്പനി ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണെന്നും കമ്പനി നിയന്ത്രിക്കുന്നതാരാണെന്നുള്‍പ്പെടെ യാതൊരു വിവരവും ആര്‍ക്കുമറിയില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ നിയന്ത്രണം ഇത്തരം വിദേശ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് ലണ്ടനില്‍ വെച്ച് രാഹുല്‍ നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങളാണുയര്‍ന്നത്. രാഹുലിനെതിരെ ഭരണപക്ഷത്തിന്റെയും സര്‍ക്കാരനുകൂല സംഘടനകളുടേയും പ്രതിഷേധം കനക്കുന്നതിനിടെയാണ് രാഹുലിന്റെ പുതിയ ആരോപണം.

കേംബ്രിജ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ജനാധിപത്യത്തെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. രാജ്യത്തെ ജനാധിപത്യ സ്വഭാവം പൂര്‍ണ്ണമായും മാറിയെന്നും അതിന്റെ കാരണം ആര്‍എസ്എസ് എന്ന് പേരുള്ള ഒറ്റ സംഘടനയാണെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. താനുള്‍പ്പെടെയുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണെന്നും രാഹുല്‍ പറഞ്ഞു.

Leave A Comment