'അമൂൽ ഗേളി'ന്റെ തലതൊട്ടപ്പൻ സിൽവസ്റ്റർ ഡാകുഞ്ഞ അന്തരിച്ചു
മുംബൈ: ഇന്ത്യൻ പരസ്യകലാ രംഗത്തെ അതികായനും വിശ്വപ്രസിദ്ധമായ "അമൂൽ ഗേൾ' പരസ്യത്തിന്റെ സ്രഷ്ടാവുമായ സിൽവസ്റ്റർ ഡാകുഞ്ഞ അന്തരിച്ചു. മുംബൈയിലെ വസതിയിൽ ചൊവ്വാഴ്ച രാത്രിയാരുന്നു അന്ത്യം.
1966-ൽ അഡ്വറ്റൈസിംഗ് ആൻഡ് സെയിൽസ് പ്രമോഷൻ(എഎസ്പി) കമ്പനിയിൽ മാനേജരായി പ്രവർത്തിക്കുന്ന വേളയിലാണ് ഇന്ത്യയുടെ മനംകവർന്ന അമുൽ ഗേളിന് ഡാകുഞ്ഞ രൂപം നൽകിയത്.
ധവളവിപ്ലവത്തിന്റെ പിതാവായ വർഗീസ് കുര്യന്റെ നിർദേശപ്രകാരമാണ് ഡാകുഞ്ഞ അമൂലിനെ റീബ്രാൻഡ് ചെയ്തത്.
വെള്ളയിൽ ചുവന്ന പുള്ളികളുള്ള കുട്ടിയുടുപ്പും വിടർന്ന കണ്ണുകളുമായി അമൂൽ ഉൽപന്നങ്ങളുടെ ഗുണം അവതരിപ്പിക്കുന്ന പെൺകുട്ടിയുടെ രൂപം കലാസംവിധായക യൂസ്റ്റസ് ഫെർണാണ്ടസിനൊപ്പം ചേർന്നാണ് ഡാകുഞ്ഞ കാൻവാസിൽ മെനഞ്ഞത്.
കുടുംബിനികളെയും കുട്ടികളെയും ആകർഷിക്കാനുള്ള ഈ മാർക്കറ്റിംഗ് തന്ത്രം, സമകാലീന രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ ഉൾപ്പെടുന്ന ക്യാപ്ഷനുകളോടെ അവതരിപ്പിച്ചത് വൻ ഹിറ്റായി. ആറ് പതിറ്റാണ്ടോളമായി പ്രചാരത്തിലിരിക്കുന്ന അമൂൽ ഗേൾ ആണ് ലോകത്തിലെ ഏറ്റവും നീണ്ട മാർക്കറ്റിംഗ് തന്ത്രങ്ങളിലൊന്ന്.
പത്നി നിഷയുടെ സഹായത്താൽ അമൂലിന്റെ പ്രശസ്ത ബ്രാൻഡ് ടാഗ്ലൈൻ രൂപപ്പെടുത്തിയതും ഡാകുഞ്ഞയാണ്. "പ്യൂവർലി ദ ബെസ്റ്റ്' എന്ന വാചകം മാറ്റി "അട്ടർലി ബട്ടർലി അമൂൽ' എന്ന വാചകം അദ്ദേഹം രൂപപ്പെടുത്തിയതും 1966-ലാണ്.
Leave A Comment