വാഹനാപകടം; ചലച്ചിത്ര താരത്തിന്റെ കാൽ മുറിച്ചുമാറ്റി
ബംഗളൂരു: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കന്നഡ ചലച്ചിത്ര താരം സൂരജ് കുമാറിന്റെ വലതുകാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി.
മൈസൂരു - ഗുണ്ട്ലുപ്പർ ദേശീയപാതയിൽ ബേഗൂർ മേഖലയിൽ വച്ച് ശനിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഊട്ടിയിൽ നിന്ന് മൈസൂരുവിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സൂരജ് ഒരു ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
എതിർദിശയിൽ നിന്നെത്തിയ ട്രക്കിലേക്ക് സൂരജിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. സൂരജിനെ ഉടനടി മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ ജീവൻ നിലനിർത്താനായി വലതുകാൽ മുട്ടിന് താഴേക്ക് മുറിച്ചുമാറ്റുകയായിരുന്നു.
കന്നഡ ചലച്ചിത്രലോകത്തെ ഇതിഹാസതാരം ഡോ. രാജ്കുമാറിന്റെ പത്നി പർവതാമ്മയുടെ അനന്തരവനാണ് സൂരജ്. ഭഗവാൻ ശ്രീകൃഷ്ണ പരമാത്മ എന്ന സൂരജിന്റെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങവെയാണ് അപകടം സംഭവിച്ചത്.
Leave A Comment