ഭിം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെ വധശ്രമം; വെടിവയ്പിൽ പരിക്കേറ്റു
ലക്നോ: പ്രമുഖ ദളിത് നേതാവും ഭിം ആർമി അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദിനു നേരെ വധശ്രമം. ഉത്തർപ്രദേശിലെ സഹറൺപൂരിൽ ആസാദിനു നേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർത്തു.
വെടിവയ്പിൽ ആസാദിന് പരിക്കേറ്റു. ആസാദിനെ സിഎൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിയുതിർത്തത് രണ്ട് തവണ. ഒരു വെടിയുണ്ട ചന്ദ്രശേഖർ ആസാദിന്റെ ഇടുപ്പിൽ തറച്ചു. മറ്റൊന്ന് കാറിന്റെ പിൻവശത്തെ ഡോറിലാണ് തറച്ചത്. ഫോർച്യൂണറിലാണ് ആസാദും സംഘവും സഞ്ചരിച്ചിരുന്നത്. ആസാദിന്റെ ഇളയ സഹോദരൻ ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.
പാർട്ടിപ്രവർത്തകന്റെ വീട്ടിൽ നടന്ന "തെർഹാവി' ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹം. കാറിലെത്തിയ അക്രമികൾ ആസാദിന്റെ വാഹനത്തിന് അടുത്തെത്തി നിറയൊഴിക്കുകയായിരുന്നു.
ആദ്യത്തെ വെടിയുണ്ട കാറിന്റെ മുന്നിലെ ഡോർതുളച്ച് സീറ്റുംകടന്ന് ആസാദിന്റെ ഇടുപ്പിൽ കയറി. രണ്ടാമത്തെ വെടിയുണ്ട കാറിന്റെ പിൻവശത്തെ ഡോറിലാണ് തറച്ചത്. വെടിയുതിർത്തതിനു പിന്നാലെ അക്രമികൾ കടന്നുകളഞ്ഞു. പരിക്കേറ്റ ആസാദിനെ സിഎച്ച്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave A Comment