ആപ്പ് കുഴപ്പമാക്കും; ആം ആദ്മിക്ക് പിന്തുണ നൽകാനൊരുങ്ങി കോൺഗ്രസ്
ന്യൂഡൽഹി: ഡൽഹി ഓർഡിനൻസ് വിഷയത്തിൽ ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകാനൊരുങ്ങി കോൺഗ്രസ്. ആപ്പിന് പിന്തുണ നൽകാൻ കോൺഗ്രസിൽ ധാരണയായതായാണ് വിവരം. കേന്ദ്രത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പരാമർശം ഇതിന്റെ സൂചനയായാണ് കാണുന്നത്.സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഫെഡറൽ സംവിധാനത്തിനെതിരായ ഏത് ആക്രമണത്തെയും കോൺഗ്രസ് പാർട്ടി എപ്പോഴും എതിർത്തിട്ടുണ്ട്, അത് തുടരും. പാർലമെന്റിന് അകത്തും പുറത്തും- ജയറാം രമേശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിങ്കളാഴ്ച ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരാനിരിക്കെയാണ് ആപ്പിനെ പിന്തുണയ്ക്കുവാനുള്ള കോൺഗ്രസ് നീക്കം. പിന്തുണയില്ലെങ്കിൽ സഖ്യത്തിനില്ലെന്ന് ആം ആദ്മി പാർട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. ഓർഡിനൻസിനെതിരെ പിന്തുണ തേടി അരവിന്ദ് കേജ്രിവാൾ രാജ്യവ്യാപകമായി പ്രതിപക്ഷ നേതാക്കളെ സന്ദർശിച്ചിരുന്നു.
ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവ തീരുമാനിക്കുന്നതിനായി പ്രത്യേക അതോറിറ്റിക്ക് രൂപം നൽകാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഡൽഹി സർക്കാരിന് സുപ്രീം കോടതി ഉത്തരവിലൂടെ ലഭിച്ച അധികാരം മറികടക്കാനാണ് കേന്ദ്രം ഓർഡിനൻസിലൂടെ ശ്രമിക്കുന്നത്.
Leave A Comment