മണിപ്പുരിൽ വീണ്ടും സംഘർഷം: നാഗാ സ്‌ത്രീയെ വെടിവച്ച് കൊന്നു
ഇംഫാൽ: മണിപ്പുർ സംഘർഷം തുടരുന്നതിനിടെ കിഴക്കൻ ഇംഫാൽ ജില്ലയിൽ നാഗാ സ്‌ത്രീയെ വെടിവച്ച് കൊന്നു. സവോംബുങ് മേഖലയിലാണ് മാരിങ് നാഗാ ഗോത്രവിഭാഗക്കാരിയായ ലൂസി മാരിങ് (55) വെടിയേറ്റ് മരിച്ചത്. ഇവരുടെ മുഖം അക്രമികൾ വികൃതമാക്കി.
കുക്കിയാണെന്ന് തെറ്റിദ്ധരിച്ചാണ് കൊലപാതകമെന്ന് സംശയിക്കുന്നു. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് നാഗാ മേഖലകളിൽ തിങ്കളാഴ്‌ച (ഇന്ന്) ബന്ദ് പ്രഖ്യാപിച്ചു.
ഇതിനിടെ പടിഞ്ഞാറൻ ഇംഫാൽ ജില്ലയിൽ എൽപിജി സിലിണ്ടറുകളുമായി പോകുകയായിരുന്ന മൂന്ന് ട്രക്ക് ശനി രാവിലെ അക്രമികൾ തടഞ്ഞുനിർത്തി കത്തിച്ചു. ട്രക്കുകൾ തടഞ്ഞശേഷം മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി തീയിടുകയായിരുന്നു.
സംഭവം നാഗാ വിഭാഗക്കാരിൽ അസ്വസ്ഥതകൾക്ക് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. കുക്കി–- മെയ്‌ത്തീ സംഘർഷത്തിൽ സംസ്ഥാനത്തെ നാഗാ വിഭാഗക്കാർ ഉൾപ്പെട്ടിരുന്നില്ല. 24 ശതമാനം വരുന്ന നാഗാവിഭാഗത്തിനും മെയ്‌ത്തീകളെ പട്ടികവർഗമായി പരിഗണിക്കുന്നതിനോട് വിയോജിപ്പാണ്.ജൂലൈ ആറിന് ഇംഫാലിൽ കുക്കി സ്‌ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നഗരത്തിൽ അതിനുശേഷം മറ്റ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
Leave A Comment