ഗുജറാത്ത് ഹൈക്കോടതി വിധി വികൃതം; ടീസ്തയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: മനുഷ്യാവകാശപ്രവർത്തക ടീസ്ത സെതൽവാദിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുണ്ടാക്കിയെന്ന കേസിലാണ് ടീസ്തയ്ക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.ഗുജറാത്ത് ഹൈക്കോടതി വിധി വികൃതവും വൈരുധ്യമുള്ളതെന്നും പരമോന്നത കോടതി വിമർശിച്ചു. ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെ തലതിരിഞ്ഞ നിഗമനങ്ങളെന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളു. ചില സാക്ഷിമൊഴികളെ കുറിച്ച് വാചാലനായ ശേഷം അദ്ദേഹം ഉടനടി പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന കണ്ടെത്തൽ നടത്തുന്നു. ഈ രീതിയിൽ നിരവധി വൈരുധ്യങ്ങൾ ഹൈക്കോടതി ഉത്തരവിലുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഒരാൾക്ക് ജാമ്യം നിഷേധിക്കേണ്ടതെന്ന് നിയമത്തിൽ കൃത്യമായ വ്യവസ്ഥകളുണ്ട്- സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.
കേസിൽ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞ സാഹചര്യത്തിൽ ടീസ്തയെ ഇനിയും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട കാര്യമില്ല. ഈ സാഹചര്യത്തിൽ ടീസ്തയ്ക്ക് ജാമ്യം അനുവദിക്കുകയാണെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു. വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയാൽ സുപ്രീം കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാൻ ഗുജറാത്ത് പോലീസിന് കോടതി അനുമതി നൽകി.
കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് കേസിൽ ടീസ്തയ്ക്കു സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ വ്യവസ്ഥകൾ ഇന്നും പ്രസക്തമാണെന്ന് പരമോന്നത കോടതി കണ്ടെത്തി.
Leave A Comment