പത്തുവയസുകാരിയെ പീഡിപ്പിച്ച പൈലറ്റിനെയും ഭർത്താവിനെയും ജനക്കൂട്ടം മർദിച്ചു
ന്യൂഡൽഹി: പത്തുവയസുകാരിയെ വീട്ടുജോലിക്കു നിർത്തി പീഡിപ്പിച്ച പൈലറ്റിനെയും എയർലൈൻ ജീവനക്കാരനായ ഭർത്താവിനെയും ദ്വാരകയിൽ ജനക്കൂട്ടം മർദിച്ചു. പൈലറ്റ് യൂണിഫോമിലുള്ള സ്ത്രീയെയും ഇവരുടെ ഭർത്താവിനെയും വീട്ടിൽനിന്ന് വലിച്ചിറക്കി ജനക്കൂട്ടം മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി.സ്ത്രീകൾ അടങ്ങുന്ന സംഘം പൈലറ്റിന്റെ മുടിക്കു കുത്തിപ്പിടിച്ച് മർദിക്കുകയായിരുന്നു. ജനക്കൂട്ടത്തോട് അവർ മാപ്പു ചോദിക്കുന്നതായും വീഡിയോയിൽ ഉണ്ട്. ഇവരുടെ ഭർത്താവിനെ ആണുങ്ങളുടെ സംഘം പ്രത്യേകം മർദിച്ചു. ഭാര്യയെ രക്ഷിക്കാനായി ഇയാൾ ശ്രമിക്കുന്നുണ്ടെങ്കിലും ആളുകൾ തടയുന്നതും വീഡിയോയിൽ കാണാം. അവൾ മരിക്കേണ്ടതാണെന്ന് ഒരാൾ ആക്രോശിക്കുന്നുണ്ട്.
രണ്ടു മാസം മുന്‍പാണ് പത്തുവയസുള്ള പെണ്‍കുട്ടി ദന്പതികളുടെ വീട്ടിലെത്തിയത്. കുട്ടിയുടെ കൈയിലും കണ്ണിലും മർദനമേറ്റതിന്റെയും പൊള്ളിയതിന്റെയും പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ബന്ധു പോലീസിനെ സമീപിച്ചിരുന്നു.
സംഭവമറിഞ്ഞ പ്രദേശവാസികൾ പെണ്‍കുട്ടിയുമായി ദന്പതികളുടെ വീട്ടിലെത്തി ബഹളം വച്ചു. പുറത്തെത്തിയ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽനിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് ദന്പതികളെ കസ്റ്റഡിയിൽ എടുത്തു. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകൾ കണ്ടെത്തിയതായി ദ്വാരക സീനിയർ പോലീസ് ഓഫീസർ എം. ഹർഷവർധൻ പറഞ്ഞു.
കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയെന്നും കൗണ്‍സിലിംഗ് നൽകുന്നുണ്ടെ ന്നും അദ്ദേഹം അറിയിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ബാലവേലയ്ക്കും പീഡനത്തിനും എതിരേയുള്ള കേസുകൾ രജിസ്റ്റർ ചെയ്തു.
Leave A Comment