മണിപ്പൂര്‍ കലാപം: അമിത് ഷാ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തും
ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍.
വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്നാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലെമെന്‍റില്‍ പ്രസ്താവന നടത്തുമെന്ന് പാർലമെന്‍ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
വിഷയത്തില്‍ ഇരുസഭകളിലും ഹ്രസ്വ ചര്‍ച്ച നടത്താന്‍ നേരത്തെ സന്നദ്ധത അറിയിച്ചതാണ്. കഴിഞ്ഞ 15ന് തന്നെ ചര്‍ച്ചയ്ക്ക് തയാറാണെന്ന് ലോക്‌സഭാ സ്പീക്കറെയും രാജ്യസഭാ അധ്യക്ഷനെയും അറിയിച്ചതാണ്. ചര്‍ച്ചയുടെ തീയതി സ്പീക്കര്‍ നിശ്ചയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിഷയത്തില്‍നിന്ന് സര്‍ക്കാര്‍ ഓടിയൊളിച്ചിട്ടില്ല. പ്രതിപക്ഷം ബോധപൂര്‍വം അനാവശ്യമായ ഉപാധികള്‍ വയ്ക്കുകയാണ്. ആര് മറുപടി പറയണം, ആര് പ്രസ്താവന നടത്തണമെന്നും ഉപാധി വയ്ക്കരുതെന്നും മന്ത്രി പറഞ്ഞു.
അതേസമയം വിഷയം ഇന്നും പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉന്നയിക്കും. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി മാധ്യമങ്ങളോടല്ല പാര്‍ലമെന്‍റിലാണ് സംസാരിക്കേണ്ടതെന്നും പ്രതിപക്ഷം വ്യക്തമാക്കി.
Leave A Comment