ദേശീയം

മൻമോഹൻ സിംഗിനെ രാജ്യസഭയിൽ എത്തിച്ചത് കോൺഗ്രസിന്‍റെ ഭ്രാന്ത്: ബിജെപി

ന്യൂഡൽഹി: ഡൽഹി സർവീസസ് ബില്ലിനായുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ വീൽചെയറിൽ രാജ്യസഭയിൽ എത്തിച്ച കോൺഗ്രസ് നടപടിയെ വിമർശിച്ച് ബിജെപി. കോൺഗ്രസിന്‍റെ ഈ ഭ്രാന്ത് രാജ്യം മറക്കില്ലെന്നാണ് ബിജെപിയുടെ ട്വീറ്റ്.

ശാരീരികാവസ്ഥ വളരെ മോശമായിരുന്നിട്ടും രാത്രിയിൽ മൻമോഹനെ വീൽ ചെയറിൽ പാർലമെന്‍റിൽ എത്തിച്ചു. ഇത് നാണക്കേടാണ്. സത്യസന്ധതയില്ലാത്ത തങ്ങളുടെ സഖ്യം നിലനിർത്താനാണ് കോൺഗ്രസിന്‍റെ നീക്കങ്ങളെന്നും ബിജെപി വിമർശിച്ചു.

അതേസമയം, ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തുവന്നു. ജനാധിപത്യത്തോടുള്ള അർപ്പണബോധമാണ് അദ്ദേഹം തെളിയിച്ചതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനട്ടെ പറഞ്ഞു.

"ബിജെപി അവരുടെ മുതിർന്ന നേതാക്കളെ മാനസികമായി കോമയിലേക്ക് തള്ളിവിടുന്നു. എന്നാൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഞങ്ങൾക്ക് പ്രചോദനവും ധൈര്യവുമായി മാറുന്നു'- സുപ്രിയ ട്വീറ്റ് ചെയ്തു.

മൻമോഹൻ സിംഗിന് നന്ദി അറിയിച്ച് എഎപിയും രംഗത്തുവന്നു. ആരോഗ്യസ്ഥിതി മോശമായിട്ടും പാർലമെന്‍റിലെത്തിയ മൻമോഹൻ സിംഗിനോടും ജെഎംഎം പ്രസിഡന്‍റ് ഷിബു സോറനോടും എല്ലാ ഡൽഹിക്കാരുടെയും പേരിൽ നന്ദി അറിയിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.

മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചകൾക്കുശേഷമാണ് തിങ്കളാഴ്ച രാത്രിയിൽ ഡൽഹി സർവീസസ് ബിൽ രാജ്യസഭ പാസാക്കിയത്. നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഭേദഗതി ബിൽ സുപ്രീംകോടതി വിധിയുടെ ലംഘനമല്ലെന്നും ഡൽഹിയിൽ അഴിമതിരഹിത ഭരണം കൊണ്ടുവരുന്നതിനാണെന്നും ചർച്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ബിൽ പാർലമെന്‍റ് സെലക്ട് കമ്മിറ്റിക്കു വിടണമെന്നതടക്കമുള്ള പ്രതിപക്ഷാംഗങ്ങളുടെ ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളിയ രാജ്യസഭ ബിൽ പാസാക്കി. രാത്രി 10.05ന് വോട്ടെടുപ്പോടെയാണു ബിൽ രാജ്യസഭ പാസാക്കിയത്. 102 പേർ എതിർത്തപ്പോൾ 131 പേർ പിന്തുണച്ചു.

Leave A Comment